നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: അന്വേഷണം കേരളത്തിലെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്ക്; സി.ബി.ഐ കുറ്റപത്രം പുറത്ത്

AUGUST 7, 2026, 5:27 AM

ന്യൂഡല്‍ഹി: നീറ്റ്-യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പങ്കും സി.ബി.ഐ കുറ്റപത്രത്തിലൂടെ പുറത്തുവന്നു. രാജസ്ഥാനിലെ സിക്കര്‍ കേന്ദ്രീകരിച്ച് നടന്ന ചോദ്യപ്പേപ്പര്‍ വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളിലൊന്ന് പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലായിരുന്നുവെന്നാണ് കണ്ടെത്തല്‍.

അടൂരിലെ മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ ഹിതേഷ് കുമാറിന് റൂംമേറ്റായ ലക്ഷയ് രാജില്‍ നിന്നാണ് ചോര്‍ന്ന ചോദ്യപേപ്പറിന്റെ പി.ഡി.എഫ്. ഫയലുകള്‍ ലഭിച്ചത്. സിക്കറിലെ അലന്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ വിദ്യാര്‍ഥിയും രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയുമാണ് ലക്ഷയ് രാജ്. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പര്‍ കൈമാറിയതിന് ശേഷമുള്ള ഡിജിറ്റല്‍ ചാറ്റുകള്‍ ഇയാള്‍ ഡിലീറ്റ് ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ സുരക്ഷാ വീഴ്ചകള്‍ മുതലെടുത്ത് സബ്ജക്ട് വിദഗ്ധരും ഇടനിലക്കാരും അടങ്ങുന്ന സംഘമാണ് ഈ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ചോദ്യപ്പേപ്പര്‍ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലാണ് ക്രമക്കേട് നടന്നത്. പിടിയിലായ കെമിസ്ട്രി പ്രൊഫസര്‍ കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവര്‍ ചോദ്യങ്ങള്‍ ചെറിയ കടലാസ് കഷണങ്ങളിലാക്കി ഒളിപ്പിച്ചും മനപ്പാഠമാക്കിയുമാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വെച്ച് ചോദ്യങ്ങള്‍ പാഠപുസ്തകങ്ങളിലെ ഖണ്ഡികകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തുകയായിരുന്നു.

സിക്കറിലെ ആര്‍.കെ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ജീവനക്കാരനായ അഭിഷേക് സൈനി വഴി ലക്ഷയ് രാജിന്റെ ബന്ധു സച്ചിന്‍ ധന്‍ഗറിലേക്കും അവിടെനിന്ന് കേരളത്തിലെ ഹോസ്റ്റലിലേക്കും ചോദ്യങ്ങള്‍ കൈമാറപ്പെട്ടു. പരീക്ഷ എഴുതാനിരുന്ന സഹോദരന് വേണ്ടി രജത് ചൗധരി എന്നയാള്‍ 30,000 രൂപ ലക്ഷയ് രാജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഫോണ്‍പേ വഴി കൈമാറിയിരുന്നു. മെയ് രണ്ടിന് രാത്രി പത്തുമണിയോടെ ഏകദേശം 450-ഓളം ചോദ്യങ്ങള്‍ അടങ്ങിയ ഫയലുകള്‍ ഇവര്‍ക്ക് ലഭിച്ചു. പണം നല്‍കിയതിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇടനിലക്കാര്‍ വാങ്ങി വെച്ചിരുന്നു.

ചോര്‍ച്ചയെ തുടര്‍ന്ന് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21 ന് പുനപരീക്ഷ നടത്തുകയും ചെയ്തിരുന്നു. എന്‍.ടി.എ സബ്ജക്ട് വിദഗ്ധരും ഇടനിലക്കാരും ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് സി.ബി.ഐ നിലവില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam