ഇടുക്കി: വട്ടവട കൊട്ടാക്കമ്പൂരിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷിസ്ഥലത്ത് താമസിച്ചിരുന്ന കുടുംബം കഴിയുന്ന ഷെഡിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണിനടിയിൽ കുടുങ്ങിയവരെ ഏകദേശം ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. ദേവികുളത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പ്രദേശത്ത് തുടർച്ചയായി മൂന്ന് മണിക്കൂറോളം ശക്തമായ മഴ പെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാക്ഷിയായതായി നാട്ടുകാർ പറഞ്ഞു. മണ്ണിടിച്ചിലിന് പിന്നാലെയാണ് മരണങ്ങൾ സംഭവിച്ചതെങ്കിലും ഇടിമിന്നലേറ്റതാണോ മരണകാരണമെന്നതും പരിശോധിക്കുന്നുണ്ട്.
ഏകദേശം 20 മീറ്റർ ഉയരത്തിൽ നിന്നാണ് മണ്ണ് ഷെഡിന് മുകളിലേക്ക് ഇടിഞ്ഞുവീണതെന്ന് പ്രദേശവാസിയായ ലോറൻസ് പറഞ്ഞു. മണ്ണിടിഞ്ഞപ്പോൾ ഷെഡിനുള്ളിലായിരുന്ന ബാലകൃഷ്ണനും ചിന്നുവും സംഭവസ്ഥലത്തുതന്നെ മരിച്ചെന്നും ബാലകൃഷ്ണന്റെ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. പരിക്കേറ്റയാൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഇടുക്കിയുടെയും കോട്ടയത്തിന്റെയും മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. വാഗമൺ–ഈരാറ്റുപേട്ട റോഡിലും മണ്ണിടിഞ്ഞതിനെ തുടർന്ന് നേരിയ ഗതാഗത തടസ്സമുണ്ടായി. കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും മഴ ശക്തമാണ്. മീനച്ചിലാറിലെ ജലനിരപ്പും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
