ഡൽഹി: സിനിമാ സെൻസറിങ്ങുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. മദ്യപാനം, പുകവലി, ലഹരി ഉപയോഗം തുടങ്ങിയവ ചിത്രീകരിക്കുന്ന രംഗങ്ങളിൽ നിർദ്ദിഷ്ട മുന്നറിയിപ്പ് നൽകുന്നത് ഉൾപ്പെടെയുള്ള പുതിയ നിർദേശങ്ങളാണ് പുറത്തിറക്കിയത്. സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് മാർഗനിർദേശങ്ങൾ പുതുക്കിയത്.
സിനിമകൾ ലഹരി ഉപയോഗത്തെയും മദ്യപാനത്തെയും പുകവലിയെയും മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ഒഴിവാക്കണം. ലഹരിവസ്തുക്കളുടെ ഉപയോഗം ഉൾപ്പെടുന്ന രംഗങ്ങളിൽ നിർബന്ധമായും മുന്നറിയിപ്പ് നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള രംഗങ്ങളും ഉള്ളടക്കങ്ങളും പാടില്ല. ലൈംഗികാതിക്രമ രംഗങ്ങൾ പരമാവധി ഒഴിവാക്കണം. പ്രമേയത്തിന്റെ ഭാഗമായി ഇത്തരം രംഗങ്ങൾ അനിവാര്യമാണെങ്കിൽ അവയുടെ ദൈർഘ്യം പരമാവധി കുറയ്ക്കണമെന്നും നിർദേശമുണ്ട്.
അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന രംഗങ്ങൾ ഒഴിവാക്കണം. കുട്ടികളെ അക്രമത്തിന്റെ ഇരകളായോ കുറ്റവാളികളായോ നിർബന്ധിത സാക്ഷികളായോ ചിത്രീകരിക്കുന്നതിലും നിയന്ത്രണമുണ്ട്. ബാലപീഡനം, മൃഗങ്ങളോടുള്ള ക്രൂരത എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും അനുവദിക്കില്ല.
ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവരെ പരിഹസിക്കുന്നതോ ഉപദ്രവിക്കുന്നതോ ആയ ഉള്ളടക്കങ്ങൾക്കും നിയന്ത്രണമുണ്ടാകും. മതവിഭാഗങ്ങളെയോ മറ്റ് സാമൂഹിക വിഭാഗങ്ങളെയോ അവഹേളിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഒഴിവാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
വർഗീയതയോ രാജ്യവിരുദ്ധ ആശയങ്ങളോ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്കും നിയന്ത്രണമുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതോ രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്നതോ വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തെ ബാധിക്കുന്നതോ ആയ ഉള്ളടക്കങ്ങളും അനുവദിക്കില്ല.
അതേസമയം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്താതെ സിനിമകൾ സാമൂഹിക മൂല്യങ്ങളോട് ഉത്തരവാദിത്തവും സംവേദനക്ഷമതയും പുലർത്തുന്നുവെന്ന് സെൻസർ ബോർഡ് ഉറപ്പാക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
