ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സ്വതന്ത്രവ്യാപാരക്കരാറുകള്‍ യുവജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള പുതിയ തൊഴിലവസരങ്ങളാണ് തുറന്നുനല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യതകളുടെ പുതിയ വാതായനങ്ങളാണ് ഇത്തരം കരാറുകളിലൂടെ രാജ്യത്തിന് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നത്. ഇരുപതാമത് കേന്ദ്ര തൊഴില്‍ മേളയില്‍ വെര്‍ച്വലായി പങ്കെടുത്തുകൊണ്ട് 51,000 പേര്‍ക്ക് നിയമന ഉത്തരവുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളം 45 കേന്ദ്രങ്ങളിലായിട്ടാണ് ശനിയാഴ്ച തൊഴില്‍മേള സംഘടിപ്പിച്ചത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി ഇതുവരെ 12.75 ലക്ഷം യുവജനങ്ങള്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കാന്‍ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ യുവതയുടെ പ്രതിഭയിലും സംരംഭകരിലും ലോകത്തിന് വലിയ പ്രതീക്ഷയും വിശ്വാസവുമാണുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറിയിട്ടുണ്ട്. വന്‍കിട നഗരങ്ങളില്‍ മാത്രമല്ല, ചെറുകിട നഗരങ്ങളിലും ഇന്ന് സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നുവരുന്നത് യുവജനശക്തിയുടെ കരുത്താണ് കാണിക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിയെക്കുറിച്ച് പരാമര്‍ശിക്കവെ, സഹകരണം സര്‍ക്കാരുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും കര്‍ഷകരും സംരംഭകരും സ്ത്രീകളും യുവാക്കളും ഇതിന്റെ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ പൗരന്മാരെ ദൈവത്തെപ്പോലെ കണ്ട് സേവനം ചെയ്യണമെന്നും സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യത്തിനായി സമര്‍പ്പിതരായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
