തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലും കാമ്പസുകളിലും വിദ്യാര്‍ഥി രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിടാന്‍ ലക്ഷ്യമിട്ട് സിന്‍ഡിക്കേറ്റ് പുതിയ കരടുമാര്‍ഗരേഖ തയ്യാറാക്കുന്നു. കോളജുകളിലോ പഠന വിഭാഗങ്ങളിലോ വിദ്യാര്‍ഥികള്‍ യാതൊരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്നാണ് ഈ കരട് നിര്‍ദേശത്തിലെ പ്രധാന ഭാഗം. ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെയും, തുടര്‍ന്ന് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് സര്‍വകലാശാലയുടെ ഈ നീക്കം.
പുതിയ മാര്‍ഗരേഖ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശ പ്രകാരമുള്ള സമരങ്ങള്‍, ധര്‍ണകള്‍, ഉപരോധങ്ങള്‍ എന്നിവ കലാലയങ്ങളില്‍ പൂര്‍ണമായും പാടില്ല. ക്ലാസ് മുറികളിലും ഓഫീസുകളിലും രാഷ്ട്രീയ മുദ്രാവാക്യം വിളിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി രാഷ്ട്രീയ പ്രചാരണങ്ങളോ സംഘാടനങ്ങളോ നടത്തുന്നതിനും കര്‍ശന നിരോധനമുണ്ടാകും. നിയമലംഘനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താക്കീത്, സസ്‌പെന്‍ഷന്‍, ടി.സി നല്‍കി പുറത്താക്കല്‍ എന്നിവയ്ക്ക് പുറമെ കുറഞ്ഞത് അയ്യായിരം രൂപ പിഴയും ഈടാക്കും. കൂടാതെ കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്ക് ബന്ധമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ പതിനായിരം രൂപ പിഴ ഒടുക്കേണ്ടിവരുമെന്നും, പിഴ അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികളിലേക്ക് കടക്കുമെന്നും കരടില്‍ വ്യക്തമാക്കുന്നു. കോളജുകളില്‍ പ്രിന്‍സിപ്പലിനും സര്‍വകലാശാലാ കാമ്പസില്‍ വൈസ് ചാന്‍സലര്‍ക്കുമായിരിക്കും ഇത്തരം ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം.
അതേസമയം ഇത് നിലവില്‍ ഔദ്യോഗിക രേഖയല്ലെന്നും അച്ചടക്കം ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെയും ചാന്‍സലറുടെയും നിര്‍ദേശം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വി.സി. ഡോ. മോഹനന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. എന്നാല്‍ വിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായി നിരോധിക്കുകയല്ല, മറിച്ച് ക്യാമ്പസുകളില്‍ സമാധാനം ഉറപ്പാക്കാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക മാത്രമാണ് ലക്ഷ്യമെന്നും എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും യു.ഡി.എഫ് സിന്‍ഡിക്കേറ്റ് അംഗം വൈ. അഹമ്മദ് ഫസില്‍ അറിയിച്ചു.
എന്നാല്‍ സര്‍വകലാശാലയുടെ ഈ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതികരണങ്ങളും ഉയരുന്നുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തോട് മുഖംതിരിച്ച് മുന്നോട്ടുപോകാനാവില്ലെന്നും വിദ്യാര്‍ഥികളുടെ രാഷ്ട്രീയാവകാശങ്ങള്‍ സംരക്ഷിക്കുന്നത് അക്കാദമിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും സി.പി.എം സിന്‍ഡിക്കേറ്റ് അംഗം ഡോ. എസ് നസീബ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്നും എന്നാല്‍ സര്‍വകലാശാലകളെ രാഷ്ട്രീയമുക്തമാക്കാന്‍ സംഘടനകളുടെ പ്രവര്‍ത്തനരീതി മാറണമെന്നും ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗം പി.എസ് ഗോപകുമാറും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
