ന്യൂഡല്‍ഹി: ഗുജറാത്തില്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന പുതിയ വമ്പന്‍ ഷോപ്പിങ് മാള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു നിര്‍ണായക സന്ദര്‍ശനം. പദ്ധതിയുടെ നിലവിലെ പുരോഗതിയും ഭാവി പ്രവര്‍ത്തനങ്ങളും യൂസഫലി ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.
ഗുജറാത്തിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിലുള്ള ചന്ദ്‌ഖേഡയിലാണ് ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാള്‍ ഉയരുന്നത്. പദ്ധതി സമയബന്ധിതമായും വിജയകരമായും പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി എം.എ യൂസഫലി വ്യക്തമാക്കി. പദ്ധതിക്ക് നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം കേന്ദ്രമന്ത്രിയോട് നന്ദി അറിയിച്ചു.
ഏകദേശം 4000 കോടി രൂപയുടെ (1.5 ബില്യണ്‍ ദിര്‍ഹം) വന്‍ നിക്ഷേപമാണ് ഈ വികസന പദ്ധതിക്കായി ലുലു ഗ്രൂപ്പ് ഗുജറാത്തില്‍ നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് മാളിന് പുറമെ, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, സര്‍വീസ്ഡ് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മേഖലയില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എ.ഇ ആസ്ഥാനമായ പ്രമുഖ കമ്പനികള്‍ ഗുജറാത്തില്‍ തങ്ങളുടെ നിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലുലു ഗ്രൂപ്പിന്റെയും ഈ പുതിയ കാല്‍വെപ്പ്. ഈയിടെ ദുബായ് ആസ്ഥാനമായ ഡി.പി വേള്‍ഡ് ഗുജറാത്തിലെ തുറമുഖ, ലോജിസ്റ്റിക്‌സ് മേഖലകളില്‍ 30,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ വ്യവസായ മേഖലയില്‍ ഗുജറാത്തിന്റെ സാമ്പത്തിക പ്രാധാന്യവും ആഗോള നിക്ഷേപ സാധ്യതകളും കൂടുതല്‍ ശക്തമാക്കുന്നതാണ് ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
