ബൈജൂസില്‍ കോടികളുടെ ആസ്തിച്ചോര്‍ച്ച? 150 കോടിയുടെ ആസ്തി ലേലം ചെയ്തത് 16 കോടിക്ക്; ആര്‍പിക്കും വ്യാജ വാങ്ങലുകാര്‍ക്കുമെതിരെ ട്രൈബ്യൂണല്‍

SEPTEMBER 7, 2026, 7:45 AM

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ എഡ്ടെക് സ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ തുച്ഛമായ വിലയ്ക്ക് ധൃതിപിടിച്ച് വിറ്റഴിച്ച സംഭവത്തില്‍ നിര്‍ണായക ഇടപെടലുമായി നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി). കമ്പനിയുടെ 150 കോടി രൂപയോളം വിലമതിക്കുന്ന സാമഗ്രികള്‍ വെറും 16 കോടി രൂപയ്ക്ക് ലേലത്തില്‍ നല്‍കിയ നടപടിയാണ് എന്‍സിഎല്‍ടി ബെംഗളൂരു ബെഞ്ച് താല്‍ക്കാലികമായി തടഞ്ഞത്. പാപ്പരത്ത നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന റസല്യൂഷന്‍ പ്രഫഷനല്‍ ശൈലേന്ദ്ര അജ്‌മേറയുടെയും ലേലം ഉറപ്പിച്ച വാങ്ങലുകാരുടെയും നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ ഉത്തരവ്.

രഹസ്യ നീക്കങ്ങളും ദുരൂഹമായ വാങ്ങി കൂട്ടലും

പാപ്പരത്ത നടപടികളില്‍ അകപ്പെട്ട കമ്പനിയെ വീണ്ടെടുക്കാന്‍ സഹായിക്കേണ്ട സുപ്രധാന ആസ്തികളാണ് വെറും നാല് ദിവസം കൊണ്ട് ധൃതിപിടിച്ച് ലേലം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലേലത്തില്‍ പങ്കെടുത്ത് ആസ്തികള്‍ സ്വന്തമാക്കിയ 'കോംപ്രിന്റ് ടെക് സൊല്യൂഷന്‍സ്' എന്ന കമ്പനിയെക്കുറിച്ച് ഗുരുതരമായ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. കമ്പനിയുടെ രജിസ്റ്റേഡ് വിലാസമായി നല്‍കിയിരിക്കുന്നത് പണിപോലും പൂര്‍ത്തിയാകാത്ത ഒരു കെട്ടിടമാണ്. പലതവണ ഇവിടെ പരിശോധന നടത്തിയപ്പോഴും പൂട്ടിയിട്ട നിലയിലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരമൊരു നിഴല്‍ കമ്പനിക്ക് കോടികളുടെ ആസ്തികള്‍ തുച്ഛമായ വിലയ്ക്ക് കൈമാറിയതിന് പിന്നില്‍ വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന സംശയം ശക്തമാണ്.

കോടതി കയറിയ ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍

ബൈജൂസിന്റെ ഉപസ്ഥാപനവും പാപ്പരത്ത നടപടി നേരിടുന്നതുമായ കെ3 എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ലേലം ചെയ്ത വസ്തുക്കളില്‍ പലതിന്റെയും ഉടമസ്ഥാവകാശം തെളിയിക്കപ്പെട്ടിട്ടില്ലെന്നും, മൂന്നാം കക്ഷികളുടെ അധീനതയിലുള്ള ആസ്തികള്‍ പോലും ലേലത്തില്‍ ഉള്‍പ്പെടുത്തിയെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. മാത്രമല്ല കമ്പനിയുടെ ആസ്തി വിവരങ്ങള്‍ വ്യക്തമാക്കുന്ന 2024 ഡിസംബര്‍ മുതലുള്ള സുപ്രധാന രേഖകള്‍ ആര്‍പി ട്രൈബ്യൂണലില്‍ ഹാജരാക്കാതെ മറച്ചുവെച്ചതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സിന്റെ പൂര്‍ണ്ണ അംഗീകാരത്തോടെയാണ് ലേലം നടന്നതെന്നാണ് ആര്‍പിയുടെ വാദം.

വിവാദമായ ലേല നടപടികള്‍ മരവിപ്പിച്ച ട്രൈബ്യൂണല്‍, ലേലത്തില്‍ വിറ്റഴിച്ച സാധനങ്ങള്‍ തല്‍സ്ഥിതിയില്‍ തന്നെ നിലനിര്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ലേലം പിടിച്ച കോംപ്രിന്റ് ടെക് സൊല്യൂഷന്‍സ് നിലവില്‍ ഈ വസ്തുക്കള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങളും ചിത്രങ്ങളും ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാക്കണം. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ 21 വരെ ലേല നടപടികള്‍ക്ക് വിലക്കുണ്ടാകും. അന്വേഷണം മുന്നോട്ട് പോകുന്നതോടെ ആസ്തി വില്‍പ്പനയ്ക്ക് പിന്നിലെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam