ചെന്നൈ: സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വിജയ്. തന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് പിന്നിൽ സ്ത്രീകളുടെ പിന്തുണയ്ക്ക് വലിയ പങ്കുണ്ടെന്നും അതിനാൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും നിയമസഭയിൽ അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളികൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിന്റെ പേരിൽ സ്ത്രീകളെ ലക്ഷ്യമിട്ട് മോശം പരാമർശങ്ങളോ വ്യക്തിഹത്യയോ നടത്തരുതെന്നും വിജയ് പറഞ്ഞു. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായാൽ നിയമം അതിന്റെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിൽ അടുത്തകാലത്തായി രൂപപ്പെടുന്ന അധിക്ഷേപ രാഷ്ട്രീയത്തെയും വിജയ് വിമർശിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ നേതാക്കളടക്കം എല്ലാവരും ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയിലെ പ്രസംഗത്തിൽ ആരുടെയും പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും ഡി.എം.കെ നേതാക്കളുടെ നിലപാടുകളെ അദ്ദേഹം വിമർശനവിധേയമാക്കി. സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്നതിനെ ന്യായീകരിക്കുന്ന സമീപനം ശരിയല്ലെന്നും വിജയ് പറഞ്ഞു.
നടിയും വിജയിയുടെ അടുത്ത സുഹൃത്തുമായ തൃഷയെ പരോക്ഷമായി പരാമർശിച്ച് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ദ്വയാർഥ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസം ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ഉദയനിധി ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
