ബാങ്കിങ് ചരിത്രത്തിലാദ്യം: ഞായറാഴ്ച തുറന്ന് ബാങ്കുകള്‍; മൂന്ന് ദിവസത്തെ പണിമുടക്ക് നാളെ മുതല്‍

SEPTEMBER 26, 2026, 8:24 PM

മുംബൈ: ബാങ്കിങ് ചരിത്രത്തിലെ അപൂര്‍വ നടപടിയായി സെപ്റ്റംബര്‍ 27 ഞായറാഴ്ച രാജ്യത്തെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തി ദിനം. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം ജീവനക്കാരുടെ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, ഇടപാടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയം ഞായറാഴ്ച പ്രവൃത്തിദിനമാക്കി ഉത്തരവിറക്കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി അവസാനിക്കുന്ന വേളയില്‍ കണക്കുകള്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊണ്ണൂറ് ശതമാനത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കാളികളാകുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കിയതോടെ, ഈ ദിവസങ്ങളില്‍ ശാഖാതല പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെടാനാണ് സാധ്യത. പണിമുടക്കിനു ശേഷം ഒക്ടോബര്‍ ഒന്നിന് ബാങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി പ്രമാണിച്ച് അവധിയായിരിക്കും. മാസത്തിലെ ആദ്യ ശനിയാഴ്ചയായതിനാല്‍ ഒക്ടോബര്‍ മൂന്നിന് വീണ്ടും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഫലത്തില്‍ ഈ ആഴ്ച ഞായര്‍ ഉള്‍പ്പെടെ ആകെ മൂന്ന് ദിവസങ്ങള്‍ മാത്രമായിരിക്കും ബാങ്ക് ശാഖകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുക.

ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമെങ്കിലും ഇടപാടുകാര്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ ലഭ്യമാക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നെറ്റ് ബാങ്കിങ്, മൊബൈല്‍ ആപ്പുകള്‍, യു.പി.ഐ തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങളെ സമരം ബാധിക്കില്ല. ഇ.എം.ഐ തിരിച്ചടവുകള്‍ ഉള്‍പ്പെടെയുള്ള ഓട്ടമേറ്റഡ്-മാന്‍ഡേറ്റഡ് ഇടപാടുകളും തടസ്സമില്ലാതെ നടക്കും.

കൂടാതെ എ.ടി.എമ്മുകളില്‍ പണലഭ്യത ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങളും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളായ തിങ്കള്‍, ചൊവ്വ, ബുധന്‍ തീയതികളില്‍ പ്രതിമാസ പരിധി നോക്കാതെ ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും എത്ര തവണ വേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാമെന്നും ബാങ്കുകള്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam