തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് കഴിഞ്ഞ മാസം 28-ന് 18-ാം വാർഡിലെ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31-ന് മരണപ്പെട്ടത്. സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് പരിചരണത്തിലോ സൗകര്യങ്ങളിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി.
സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലെ സുരക്ഷാ പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങൾ രേഖാമൂലം സമർപ്പിക്കണം.
ഡി.എം.ഇയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തുന്ന അന്വേഷണം തികച്ചും സുതാര്യവും ഫലപ്രദവുമാകണമെന്നും, മെഡിക്കൽ വിദഗ്ദ്ധരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ജാഗ്രതക്കുറവും ഉണ്ടാകരുതെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
