തിരുവനന്തപുരം: പൊലീസ് കായികമേളയുടെ നടത്തിപ്പിനായി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിച്ചതിനെ തുടർന്ന് നടപടി. സ്പോൺസർഷിപ്പും സിഎസ്ആർ ഫണ്ടും ഉപയോഗിച്ച് ആവശ്യമായ തുക കണ്ടെത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി ചില പൊലീസ് സബ് ഡിവിഷനുകളിൽ നിന്ന് വ്യാപാര സ്ഥാപനങ്ങളോടും ക്വാറി ഉടമകളോടും പണം ആവശ്യപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില മേഖലകളിലാണ് പണപ്പിരിവ് നടന്നത്. മേളയുടെ സാമ്പത്തിക കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഫിനാൻസ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. എസ്പിമാർക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ നേരത്തെ നൽകിയിരുന്നുവെന്നാണ് വിവരം.
മേളയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പണപ്പിരിവിന്റെ വിവരം പുറത്തായത്. വരവ്-ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിനിടെയാണ് ക്രഷർ, ഹോട്ടൽ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് തുക ശേഖരിച്ച കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.
തുടർന്നാണ് പിരിച്ചെടുത്ത തുക ബന്ധപ്പെട്ടവർക്കുതന്നെ മടക്കി നൽകാൻ ഡിജിപി നിർദേശം നൽകിയത്. മേളയുടെ ചെലവുകൾക്കായി പൊലീസ് സ്പോർട്സ് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൊലീസ് സേനാംഗങ്ങളുടെ ശമ്പളത്തിൽ നിന്ന് ഓരോ മാസവും സ്പോർട്സ് ആവശ്യങ്ങൾക്കായി തുക ഈടാക്കുന്നുണ്ട്. ഇതിന് പുറമെ പൊലീസ് സംഘടനകളുടെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങൾക്കും സിഎസ്ആർ ഫണ്ട് ലഭിക്കുന്ന സാഹചര്യത്തിലാണ് പുറത്തുനിന്ന് പണം ശേഖരിച്ചത് സംബന്ധിച്ച് വിമർശനം ഉയർന്നത്.
തലസ്ഥാനത്ത് നാളെ ആരംഭിക്കുന്ന പൊലീസ് കായികമേളയുടെ നടത്തിപ്പിനായുള്ള സാമ്പത്തിക ക്രമീകരണങ്ങൾക്കിടെയാണ് അനധികൃതമായ പണപ്പിരിവ് സംബന്ധിച്ച വിവരം പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
