കോട്ടയം: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പന് താൽക്കാലിക ആശ്വാസം. കേസിലെ വിധി പ്രഖ്യാപിച്ച സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്ട്രേറ്റ് കോടതി പിൻവലിച്ചു. ഇന്ന് കാപ്പൻ നേരിട്ട് കോടതിയിലെത്തി അപേക്ഷ നൽകിയതോടെയാണ് വാറണ്ട് റദ്ദാക്കിയത്.
കേസിൽ ലഭിച്ച ശിക്ഷയ്ക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് മാണി സി കാപ്പൻ അറിയിച്ചു. അപ്പീൽ നൽകുന്നതിനായി 30 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ കേസിൽ അന്തിമ തീർപ്പായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടായേക്കാമെന്നും കാപ്പൻ ആരോപിച്ചു.
നാല് ചെക്ക് കേസുകളിലായാണ് മാണി സി കാപ്പന് ബോറിവലി കോടതി ശിക്ഷ വിധിച്ചത്. ആകെ മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് ശിക്ഷ. വിധി പ്രസ്താവിക്കുന്ന ഘട്ടത്തിൽ കാപ്പൻ കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
അതേസമയം, കാപ്പന് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ രാഷ്ട്രീയ വിമർശനങ്ങളും ശക്തമായിരുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രതികരിച്ചിരുന്നു. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സാഹചര്യമാണ് ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എംഎൽഎ സ്ഥാനത്ത് തുടരണമോ രാജിവയ്ക്കണമോ എന്ന കാര്യത്തിൽ മാണി സി കാപ്പൻ തന്നെ തീരുമാനമെടുക്കട്ടെയെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ യു.ഡി.എഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി പരാമർശത്തിന്റെ പേരിൽ മുൻപ് കെ.എം. മാണി രാജിവച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. പാലാ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയുടെ ഈ പരാമർശം മുന്നണിക്കുള്ളിലും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
