ഇൻഡോർ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ സതീഷ് കുമാർ.
ഇതിനകം തന്നെ ട്രെയിനിന്റെ 120 കി.മീ വേഗതയിലുള്ള ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഏതെല്ലാം റൂട്ടുകളിലാണ് ഈ സർവീസ് ആരംഭിക്കേണ്ടതെന്ന കാര്യത്തിൽ ബന്ധപ്പെട്ട വിഭാങ്ങളുമായി ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയിലെ ജിന്ദ്-സോണിപ്പത് 89 കിലോമീറ്റർ റൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ട്രെയിൻ നിലവിൽ 75 കി.മീ വേഗതയിലാണ് സർവീസ് നടത്തുന്നത്. ഓവർഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി സ്വീകരിക്കുന്നതിന് പകരം, ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ ട്രെയിനിനുള്ളിൽ തന്നെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പുകയോ കാർബൺ പുറന്തള്ളലോ ഇല്ലാതെ ജലബാഷ്പവും താപവും മാത്രമാണ് ഇതിന്റെ ഉപ ഉൽപ്പന്നങ്ങൾ.
രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിലവിൽ ഹൗറയ്ക്കും കാമാഖ്യയ്ക്കും (ഗുവാഹത്തി) ഇടയിൽ സർവീസ് നടത്തുന്നുണ്ട്. നിർമ്മാണം പൂർത്തിയായ കൂടുതൽ ട്രെയിനുകൾ ഉടൻ ഉദ്ഘാടനം ചെയ്യും. ഈ വർഷം 11 സ്ലീപ്പർ ട്രെയിനുകൾ കൂടി പാളത്തിലിറക്കാനാണ് തീരുമാനം. 2028-ൽ നടക്കുന്ന സിംഹസ്ഥ തീർത്ഥാടന ഉത്സവത്തിനായി 100 മുതൽ 125 വരെ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താൻ പദ്ധതിയിടുന്നു.
18,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇൻഡോർ-മന്മദ് റെയിൽ പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പദ്ധതി 4-5 വർഷത്തിനുള്ളിൽ പൂർത്തിയാകും. ട്രെയിനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സി.സി.ടി.വി (CCTV) ക്യാമറകൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നു. ട്രെയിനുകളിലെ എലിശല്യം പരിഹരിക്കാനും കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
