ന്യൂഡൽഹി: ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ മുതൽ ജൂനിയർ ക്ലർക്കുമാർ വരെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് (ട്വിറ്റർ), ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ജീവനക്കാർക്ക് ഇനി തോന്നിയതുപോലെ പോസ്റ്റുകളോ റീലുകളോ പങ്കുവെക്കാൻ കഴിയില്ല. ഇത്തരമൊരു പുതിയ സോഷ്യൽ മീഡിയ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ സർവീസിൽ ഇരുന്നുകൊണ്ട് വ്യക്തിഗത ബ്രാൻഡിംഗ് നടത്തുകയും യൂട്യൂബ് ചാനലുകൾ വഴി ഒഫീഷ്യൽ കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും കൂട്ടിക്കലർത്തി പോസ്റ്റുകൾ ഇടുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
നിലവിൽ ഓരോ വകുപ്പുകൾക്കും വെവ്വേറെ സർവീസ് റൂളുകൾ ആണുള്ളത്. കൂടാതെ പഴയകാല നിയമങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങളുമില്ല. പുതിയ മാതൃകാ പെരുമാറ്റച്ചട്ടം വരുന്നതോടെ തസ്തിക വ്യത്യാസമില്ലാതെ എല്ലാ കേന്ദ്ര ജീവനക്കാർക്കും ഇത് ഒരുപോലെ ബാധകമായിരിക്കും.
കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ ജീവനക്കാരുടെ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾക്ക് പുറമെ, സർക്കാർ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന 'ഏക് ഭാരത്' (Ek Bharat) പോർട്ടൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ സർക്കാർ ജീവനക്കാർ സോഷ്യൽ മീഡിയയിൽ എന്തൊക്കെ പങ്കുവെക്കാം, ഏതൊക്കെ കാര്യങ്ങൾ ചട്ടലംഘനമായി കണക്കാക്കാം, അതിനുള്ള ശിക്ഷാ നടപടികൾ എന്നിവ കൃത്യമായി തരംതിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
