കൊച്ചി: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ പണിമുടക്കില്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ നിര്‍ണായക നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പതിവിന് വിപരീതമായി വരും ഞായറാഴ്ച രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് മറികടന്ന്, സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ചാണ് ശാഖകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. എഐബിഇഎ, എഐബിഒസി, ബെഫി ഉള്‍പ്പെടെയുള്ള ഏഴ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
സമര സാഹചര്യങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനായി ധനമന്ത്രാലയം പ്രത്യേക വാര്‍ റൂം സജ്ജീകരിക്കും. ഓരോ ബാങ്കില്‍ നിന്നുമുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കൊപ്പം ക്രമസമാധാന പാലനത്തിനായി ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും ഇതില്‍ ഉണ്ടാകും. സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും മന്ത്രാലയം ശേഖരിക്കുന്നുണ്ട്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തനം മുടങ്ങുന്നത് ഒഴിവാക്കാനാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി എല്ലാ ബാങ്കുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളില്‍ എടിഎമ്മുകളില്‍ തടസ്സമില്ലാതെ പണം ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. കൂടാതെ, സമര ദിവസങ്ങളില്‍ മറ്റ് ബാങ്കുകളുടേത് ഉള്‍പ്പെടെ എത്ര തവണ എടിഎം ഉപയോഗിച്ചാലും ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ട്രഷറി ശാഖകളില്‍ സാധാരണ സൂക്ഷിക്കുന്നതിന്റെ ഇരട്ടി തുക കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഉപയോക്താക്കള്‍ അറിയേണ്ട പ്രധാന വിവരങ്ങള്‍
ഓണ്‍ലൈന്‍ സേവനങ്ങള്‍: ഓണ്‍ലൈന്‍ ബാങ്കിങ്, ഐടി വിഭാഗങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ നെറ്റ് ബാങ്കിങ്, യുപിഐ സേവനങ്ങളെ സമരം ബാധിക്കില്ല.
ഇഎംഐ കട്ടിങ്: കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം വഴിയായതിനാല്‍ അക്കൗണ്ടില്‍ തുകയുണ്ടെങ്കില്‍ നിര്‍ദിഷ്ട തീയതിയില്‍ ഇഎംഐ കൃത്യമായി കട്ടാകും; സിബില്‍ സ്‌കോറിനെ ബാധിക്കില്ല.
എടിഎം ലഭ്യത: എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ബാങ്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചാര്‍ജുകളില്ലാതെ പരിധിയില്ലാതെ എടിഎം ഉപയോഗിക്കാം.
സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനം: പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരാണ് സമരത്തിലുള്ളത്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകളും സാധാരണപോലെ പ്രവര്‍ത്തിക്കും.
ഞായറാഴ്ച പ്രവര്‍ത്തനം: പണിമുടക്ക് പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമാണ് ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. സ്വകാര്യ ബാങ്കുകള്‍ ഞായറാഴ്ച തുറക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
