ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ സത്യ നികേതനില്‍ പ്രവര്‍ത്തിച്ചിരുന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ ദുരന്തത്തില്‍ ഒന്‍പതോളം പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെങ്കിലും, ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മറ്റു രണ്ടുപേര്‍ എയിംസ് ട്രോമ കെയറിലും വെച്ച് മരണപ്പെടുകയായിരുന്നു.
സംഭവത്തിന് ഉത്തരവാദികളായ കെട്ടിട ഉടമ ഹരിറാമിനും മറ്റുള്ളവര്‍ക്കുമെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. അപകട സ്ഥലം നേരിട്ട് സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഏറെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ അടിനിലയില്‍ ഒരു മാസത്തോളമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നുവെന്നും, അതിനിടെ ഒരു പില്ലര്‍ മാറ്റിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഇതിനുപുറമേ, കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയില്‍ ഭൂഗര്‍ഭ നിലയത്തില്‍ വെള്ളം കെട്ടിനിന്നതും കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായതായി കരുതുന്നു.
അപകടത്തില്‍ സമീപത്തെ കെട്ടിടത്തിന് ചെരിവ് സംഭവിച്ചതിനെത്തുടര്‍ന്ന് അവിടങ്ങളിലെ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ തരണ്‍ജീത് സിങ് സന്ധു, പോലീസ് കമ്മിഷണര്‍ അനുരാഗ് കുമാര്‍, ബാന്‍സുരി സ്വരാജ് എം.പി. തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ദുരന്തത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ഗോവ സന്ദര്‍ശനം അദ്ദേഹം റദ്ദാക്കിയിട്ടുണ്ട്. രാത്രി വൈകിയും പ്രദേശത്ത് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ തുടര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
