നാഗ്പുര്‍: ഹൗസിങ് സൊസൈറ്റിയിലെ ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ് മുപ്പത്തെട്ടുകാരി കൊല്ലപ്പെട്ടു. സൈനഗറിലെ ഗോവിന്ദ് സിറ്റി നിവാസിയായ യാമിനി കൃഷ്ണ ലാല്‍ യാദവ് (38) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കൃഷ്ണ ലാല്‍ യാദവിനെ (41) കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ ദുരന്തം നടന്നത്.
ജോലി കഴിഞ്ഞ് മദ്യലഹരിയില്‍ വീട്ടിലെത്തിയ കൃഷ്ണ ലാല്‍ തനിക്കും രണ്ട് മക്കള്‍ക്കും ഉടനടി ഭക്ഷണം പാകം ചെയ്തുനല്‍കാന്‍ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ സൊസൈറ്റിയില്‍ നടക്കുന്ന ഡാന്‍സ് പരിശീലനത്തിന് പോകാന്‍ തയാറെടുക്കുകയായിരുന്ന യാമിനി പാചകം ചെയ്യാന്‍ വിസമ്മതിച്ചു. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൃഷ്ണ ലാല്‍ സ്വന്തം മക്കളുടെ മുന്നില്‍ വച്ച് യാമിനിയെ ക്രൂരമായി അക്രമിക്കുകയായിരുന്നു. യാമിനിയുടെ കഴുത്തിലും വയറ്റിലും ഇയാള്‍ ശക്തമായി മര്‍ദിച്ചു. ആക്രമണത്തിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ട യാമിനി ഭര്‍ത്താവിനോട് വേദനസംഹാരി ഗുളികകള്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാല്‍ മരുന്നില്ലാതെ മടങ്ങേണ്ടി വന്നു.
തുടര്‍ന്ന് സ്ഥിതി ഗുരുതരമാവുകയും വയര്‍ വീര്‍ത്ത് അവശനിലയിലാവുകയും ചെയ്ത യാമിനിയെ മന്‍കാപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തുടക്കത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത മാന്‍കാപ്പൂര്‍ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലെ എല്ലിന് ഒടിവുണ്ടായതായും ആന്തരികാവയവങ്ങള്‍ക്കും കുടലിനും ഗുരുതരമായ പരുക്കേറ്റതായും കണ്ടെത്തി. ഇതോടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
