ന്യൂഡല്‍ഹി: ചൈനയെ സാമ്പത്തികമായി അമിതമായി ആശ്രയിക്കുന്നതിലൂടെ ഉണ്ടാകുന്ന യാഥാര്‍ത്ഥ്യങ്ങള്‍ യൂറോപ്പ് ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങുകയാണെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി ബാര്‍ട് ഡി വെവര്‍. ചൈന ഉയര്‍ത്തുന്ന ഈ അപകട സാധ്യതകളെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരിച്ചറിയുന്നതിന് എത്രയോ മുമ്പ് തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബെല്‍ജിയം പ്രധാനമന്ത്രി.
കുറഞ്ഞ വിലയുള്ള വിദേശ ഉല്‍പ്പന്നങ്ങള്‍ സ്വന്തം വിപണിയിലേക്ക് ഒഴുകിയെത്താന്‍ യൂറോപ്പ് അനുമതി നല്‍കിയത് പ്രാദേശിക വ്യവസായങ്ങളെ തകര്‍ത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്പാദനച്ചെലവിലും കുറഞ്ഞ വിലയിലാണ് ഇത്തരം സാധനങ്ങള്‍ വിറ്റഴിച്ചത്. വ്യാവസായിക അടിത്തറ തകരുകയും പിന്നീട് സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തക്കവണ്ണം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മനപൂര്‍വ്വം വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തത് വളരെക്കാലമായി യൂറോപ്പ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്ന് ചൈനയുടെ പേരെടുത്തു പറയാതെ ഡി വെവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്നത്തെ മുന്നറിയിപ്പുകള്‍ അവഗണിച്ച യൂറോപ്പ് കടുത്ത തിരിച്ചടിയാണ് നേരിട്ടത്.
ഇന്ത്യ ബെല്‍ജിയത്തിന്റെ മുന്‍ഗണനാ പങ്കാളി
സുരക്ഷിതമല്ലാത്ത നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യ ഏറ്റവും വിശ്വസ്തനായ പങ്കാളിയാണെന്ന് ബാര്‍ട് ഡി വെവര്‍ പറഞ്ഞു. വ്യാപാര നയങ്ങള്‍ പെട്ടെന്ന് മാറ്റുന്ന രാജ്യങ്ങളെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ സാമ്പത്തിക, രാഷ്ട്രീയ, തന്ത്രപ്രധാന ബന്ധങ്ങള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ബെല്‍ജിയത്തിന്റെ മുന്‍ഗണനാപ്പട്ടികയില്‍ ഒന്നാമത് ഇന്ത്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന് പ്രതിരോധ ഉപരോധം; ഇന്ത്യയുമായി 10 കരാറുകള്‍
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാകിസ്താന് ഇനി പ്രധാന പ്രതിരോധോപകരണങ്ങള്‍ നല്‍കില്ലെന്ന് ബെല്‍ജിയം വ്യക്തമാക്കി. ബെല്‍ജിയത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ സൈനികോപകരണങ്ങള്‍ സംയുക്തമായി നിര്‍മിക്കും. റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തിനായി ഇരുരാജ്യങ്ങളിലെയും പ്രതിരോധ സ്ഥാപനങ്ങള്‍ തമ്മില്‍ 10 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ഇതിനുപുറമേ, സൈനിക പരിശീലനവും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കലും കൂടുതല്‍ ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
