തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ലിംഗസമത്വ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ സമൂഹത്തിലും ഇസ്ലാമിക സംഘടനകള്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. കാന്തപുരത്തിന്റെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഇസ്ലാമില്‍ യാതൊരുവിധ ലിംഗവിവേചനവുമില്ലെന്ന് വ്യക്തമാക്കി. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് ഇസ്ലാമില്‍ ഒരിടത്തും പറയുന്നില്ലെന്നും അവര്‍ക്കുമേല്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സൂക്ഷ്മതയോടെ സ്ത്രീകള്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ഇതാണ് ഇസ്ലാമിന്റെ ശരിയായ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വഹാബിമാരുടെ കാലം മുതലുള്ള ഇസ്ലാമിന്റെ പാരമ്പര്യം പരിശോധിച്ച് സംസാരിച്ച പാളയം ഇമാം, അക്കാലത്ത് സ്ത്രീകളുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു എന്നതിന് ചരിത്രം തെളിവാണെന്ന് ഓര്‍മ്മിപ്പിച്ചു. പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന ചില യാഥാസ്ഥിതിക കൂട്ടായ്മകളാണ് ഇത്തരം വിലക്കുകള്‍ കൊണ്ടുവന്നതെന്നും അവരാണ് സ്ത്രീകള്‍ക്കെതിരെ അനാവശ്യമായ നിയന്ത്രണങ്ങള്‍ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം നിരീക്ഷിച്ചു.
അതേസമയം സമുദായത്തിന് തന്നെ കാന്തപുരത്തിന്റെ പ്രസ്താവനയില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമിയും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളെ പിന്നോട്ട് വലിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ തികച്ചും തെറ്റാണെന്ന വിമര്‍ശനവുമായി മുജാഹിദ് സംഘടനയായ ഐ.എസ്.എമ്മും സി.പി.എം നേതാവ് എ.എന്‍ ഷംസീറും രംഗത്തെത്തി. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ലിംഗസമത്വം അംഗീകരിക്കാന്‍ കാന്തപുരം തയ്യാറാകണമെന്ന് ഷംസീര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിഷേധം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
