ന്യൂഡല്‍ഹി: മിസോറം അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുകയറിയ വിദേശി സംഘത്തിന് മ്യാന്‍മറിലെ വിമാന ആക്രമണത്തിലും ഇന്ത്യയില്‍ പദ്ധതിയിട്ട ഭീകര പ്രവര്‍ത്തനങ്ങളിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കഴിഞ്ഞ മാര്‍ച്ചില്‍ പിടിയിലായ അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രെയ്ന്‍ പൗരന്മാരുമാണ് കേസില്‍ പ്രതികളായിരിക്കുന്നത്. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലാണ് എന്‍ഐഎ നിര്‍ണായക വിവരങ്ങള്‍ കൈമാറിയത്.
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായി കോടതിയെ അറിയിച്ച എന്‍ഐഎ നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മാത്യു വാന്‍ഡൈക്, ഉക്രെയ്ന്‍ പൗരന്‍ കമിന്‍സ്‌കി വിക്ടര്‍ എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാനുള്ള അനുമതിയും നേടി. ചോദ്യം ചെയ്യല്‍ അന്വേഷണ ഏജന്‍സിയുടെ സ്വാഭാവിക നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രത്യേക കോടതി അനുമതി നല്‍കിയത്.
ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായി
വിവിധ തിയതികളിലായി ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ 14 ഉക്രെയ്ന്‍ പൗരന്മാര്‍ ഗുവാഹത്തി വഴി മിസോറമിലെത്തുകയും അനുമതിയില്ലാതെ മ്യാന്‍മറിലേക്ക് കടക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന പ്രാദേശിക ഗോത്രവര്‍ഗ സായുധ സംഘങ്ങള്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കാനാണ് ഇവര്‍ അതിര്‍ത്തി കടന്നത്.
കഴിഞ്ഞ ഫെബ്രുവരി 20 ന് മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇവര്‍ പങ്കാളികളാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ വിശ്വസനീയ വിവരം ശരിവെക്കുന്ന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളിലെ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ആക്രമണ പദ്ധതിയുടെ വിവരങ്ങളും ഇവരുടെ പങ്കാളിത്തവും വ്യക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
