കൊച്ചി: സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ പണം കൈമാറ്റത്തിനായി ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ വേഗത്തിൽ തിരിച്ചറിയാനും മരവിപ്പിക്കാനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനവുമായി റിസർവ് ബാങ്ക്. ആർ.ബി.ഐയുടെ ഇനവേഷൻ ഹബ്ബ് വികസിപ്പിച്ച ‘മ്യൂൾഹണ്ട് എ.ഐ’ എന്ന പുതിയ സംവിധാനം പ്രവർത്തനം ആരംഭിച്ചു.
ബാങ്കിങ് സംവിധാനത്തിനുള്ളിൽ പൂർണ്ണമായും രഹസ്യാത്മകത ഉറപ്പാക്കിക്കൊണ്ടാണ് ഈ എ.ഐ. സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് മുമ്പ് തന്നെ അക്കൗണ്ടുകൾ കണ്ടുകെട്ടാൻ പുതിയ സംവിധാനം ബാങ്കുകളെ സഹായിക്കും.
'മ്യൂൾഹണ്ട് എ.ഐ' പ്രവർത്തിക്കുന്നത് എങ്ങനെ?
ഒന്നിലധികം അപരിചിത സ്രോതസ്സുകളിൽ നിന്ന് ഒരു അക്കൗണ്ടിലേക്ക് പെട്ടെന്ന് വലിയ തുകകൾ എത്തുന്നതും, ആ പണം വളരെ വേഗത്തിൽ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതും എ.ഐ. നിരീക്ഷിക്കും. ഒരേ മൊബൈൽ ഫോൺ, ഒരേ ഐ.പി. അഡ്രസ്സ് (IP Address), അല്ലെങ്കിൽ ഒരേ ഡി വൈസ് ഉപയോഗിച്ച് വ്യത്യസ്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.
അക്കൗണ്ട് തുറക്കാൻ വ്യാജ രേഖകൾ സമർപ്പിച്ചിട്ടുണ്ടോ എന്നും യഥാർത്ഥ ഉടമ തന്നെയാണോ കെ.വൈ.സി (KYC) നൽകുന്നത് എന്നും തത്സമയം കണ്ടെത്തി ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകും.
എന്താണ് മ്യൂൾ അക്കൗണ്ട്?
വിദ്യാർത്ഥികൾ, ഗ്രാമീണർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് ചെറിയ കമ്മീഷൻ തുക വാഗ്ദാനം ചെയ്ത്, തട്ടിപ്പ് സംഘങ്ങൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ സ്വന്തമാക്കി അനധികൃത പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന രീതിയാണ് മ്യൂൾ അക്കൗണ്ടുകൾ.
2024 സെപ്റ്റംബറിൽ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിച്ച 'സസ്പെക്റ്റ് രജിസ്ട്രി' വഴി ഒരു വർഷത്തിനുള്ളിൽ 24.67 ലക്ഷം മ്യൂൾ അക്കൗണ്ടുകൾ തിരിച്ചറിയാനും 8031 കോടിയിലധികം രൂപയുടെ തട്ടിപ്പ് തടയാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
