ക്വിറ്റോ/ഇക്വഡോര്‍: ലാറ്റിന്‍ അമേരിക്കന്‍ കടല്‍ തീരങ്ങളില്‍ ഭീകരവാദത്തിനും മയക്കുമരുന്ന് കടത്തിനുമെതിരായ നീക്കം ശക്തമാക്കി യു.എസ് സൈന്യം. അന്താരാഷ്ട്ര ക്രിമിനല്‍ സംഘമായ 'ലോസ് ചോനെറോസ്' ഗ്രൂപ്പിന് സഹായം നല്‍കുന്നു എന്ന് ആരോപിച്ച് പസഫിക് സമുദ്രത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന മറ്റൊരു ഇക്വഡോറിയന്‍ ബോട്ട് കൂടി യു.എസ് സതേണ്‍ കമാന്‍ഡിന്റെ ആക്രമണത്തില്‍ മുങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ യു.എസ് സൈന്യം ലക്ഷ്യമിടുന്ന അഞ്ചാമത്തെ ബോട്ടാണിത്.
വിമാനവാഹിനിയില്‍ നിന്നും മിസൈല്‍ ഉപയോഗിച്ച് ബോട്ട് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ യു.എസ് കമാന്‍ഡ് പുറത്തുവിട്ടിട്ടുണ്ട്. ബോട്ടിനുള്ളിലുണ്ടായിരുന്നവരെ രക്ഷപെടുത്തിയെന്നും ഇവരെ ഇക്വഡോര്‍ അധികൃതര്‍ക്ക് കൈമാറുമെന്നും യു.എസ് സൈന്യം അറിയിച്ചു.
മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്ന് യു.എസ് അവകാശപ്പെടുമ്പോഴും, നിരപരാധികളായ സാധാരണ മീന്‍പിടുത്തക്കാരാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച ആക്രമിക്കപ്പെട്ട മരിയ കാന്‍ഡെലാറിയ എന്ന ബോട്ടിലെ 26 ജീവനക്കാരെയും കോണ്‍ക്വിസ്റ്റ II ബോട്ടിലെ 8 പേരെയും ഇക്വഡോറിയന്‍ നാവികസേന രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചെങ്കിലും ജീവനക്കാരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ആക്രമിക്കപ്പെട്ട ഫിയോറെല്ല എന്ന ബോട്ടിലെ എട്ട് മീന്‍പിടുത്തക്കാരെ കുറിച്ച് ഇതുവരെയും ഒരു വിവരവുമില്ല. ഇതു കൂടാതെ 'OM2, ലോസ് ട്രെസ് ഹെര്‍മാനോസ് എന്നീ ബോട്ടുകളും യു.എസ് തകര്‍ത്തതായി ജീവനക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കരീബിയന്‍, പസഫിക് മേഖലകളില്‍ യു.എസ് നടത്തിയ 68-ഓളം സൈനിക ആക്രമണങ്ങളില്‍ കുറഞ്ഞത് 227 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഇക്വഡോര്‍ അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം കടലിലെ ആക്രമണങ്ങള്‍ക്ക് പുറമെ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കര ഭൂമിയിലേക്കും സൈനിക നീക്കം വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തയാറെടുക്കുകയാണ്. കോളംബിയ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നീ രാജ്യങ്ങള്‍ യു.എസുമായി ചേര്‍ന്ന് സംയുക്ത സൈനിക നീക്കത്തിന് സമ്മതിച്ചതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടെങ്കിലും, ഗ്വാട്ടിമാല ഇത് നിഷേധിച്ചു.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് വിദേശ രാജ്യങ്ങളുടെ ബോട്ടുകള്‍ക്ക് നേരെ യു.എസ് നടത്തുന്ന ഈ ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കെതിരെ നിലവില്‍ വന്‍ പ്രതിഷേധവും നിയമപരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
