പുനെ: ബോംബെ ഹൈക്കോടതി ക്ലര്‍ക്ക് പരീക്ഷ, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷ, ടെറ്റ് (TET) പരീക്ഷ എന്നിവയിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സാങ്കേതിക ക്രമക്കേടുകളിലും പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഇരമ്പുന്നു. പൂനെ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രതിഷേധം സംസ്ഥാനത്തുടനീളം വ്യാപിച്ച് ഭരണകൂടത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
പരീക്ഷാ നടത്തിപ്പില്‍ നിന്ന് സ്വകാര്യ ഏജന്‍സികളെ പൂര്‍ണമായും ഒഴിവാക്കുക, മുഴുവന്‍ ക്രമക്കേടുകളിലും സമഗ്ര അന്വേഷണം നടത്തുക, എം.പി.എസ്.സി (MPSC) ചെയര്‍മാന്റെയും സെക്രട്ടറിയുടെയും രാജി ഉറപ്പാക്കുക എന്നിവയാണ് പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇവര്‍.
ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും ഉയര്‍ന്ന പരീക്ഷാ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് പൂനെയിലും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന സംഘങ്ങളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ പിന്തുണ
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. പൂനെയിലെ സമരം കേവലം ഒരു പരീക്ഷയുടെയോ നിയമനത്തിന്റെയോ മാത്രം പ്രശ്‌നമല്ലെന്നും നിലവിലുള്ള മുഴുവന്‍ പരീക്ഷാ സംവിധാനത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
എന്‍.സി.പി നേതാവ് സുപ്രിയ സുലെ, ശിവസേന നേതാവ് ആദിത്യ താക്കറെ, മറാത്ത പ്രക്ഷോഭ നേതാവ് മനോജ് ജാരങ്കെ പാട്ടീല്‍, സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
അന്വേഷണത്തിന് ഏഴംഗ സമിതി
പ്രക്ഷോഭം ശക്തിപ്പെട്ടതോടെ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏഴംഗ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമിതി അന്വേഷണത്തില്‍ തൃപ്തരല്ലെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കും വരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
