ഏദന്‍: ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിനുനേരെ ആക്രമണം. പ്രകോപനങ്ങളൊന്നുമില്ലാതെ നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ പതാക വഹിച്ചെത്തിയ എംഎസ്വി ഫൈസ് നൂര്‍ ഒലിയ എന്ന ചരക്കുകപ്പല്‍ പൂര്‍ണമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരും ഒരു യെമന്‍ സ്വദേശിയുമുള്‍പ്പെടെ 14 ജീവനക്കാരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായി യെമനിലെ മോഖ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ യെമനിലെ ഹൂതി വിമതരാണെന്ന് യെമന്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്സ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ഹൂതികള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളുമില്ലാത്ത വാണിജ്യ കപ്പലിനുനേരെ നടന്ന ഈ നീക്കത്തെ കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു.
സംഭവത്തെ തുടര്‍ന്ന് റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ തുടര്‍നടപടികള്‍ക്കുമായി എംബസി യെമന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജീവനക്കാരെ സമയബന്ധിതമായി രക്ഷപ്പെടുത്തിയതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യെമന്‍ കോസ്റ്റ് ഗാര്‍ഡിനോട് നന്ദി അറിയിച്ചു. ചെങ്കടല്‍ മേഖലയിലെ അന്താരാഷ്ട്ര ജലപാതകളില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും ഇത്തരം ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
രക്ഷപ്പെടുത്തിയ ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കാനും ബന്ധപ്പെട്ട ഏജന്‍സികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനും ഡയറക്ടര്‍ ജനറല്‍ മാരിടൈം അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
