മഹാദുരന്തത്തിന് പിന്നാലെ അണുബാധ ഭീതിയും; നേപ്പാളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ നീക്കം

AUGUST 30, 2026, 3:02 AM

കാഠ്മണ്ഡു: പ്രകൃതിയുടെ വിനാശകരമായ താണ്ഡവത്തിന് പിന്നാലെ നേപ്പാളില്‍ ഇപ്പോള്‍ അണുബാധ ഭീതിയും. മിന്നല്‍പ്രളയം തകര്‍ത്തൊറിഞ്ഞ ദുരന്തഭൂമിയില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാനുള്ള നടപടികളിലേക്ക് അധികൃതര്‍ കടന്നു. നാളുകളോളം മൃതദേഹങ്ങള്‍ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യ ഭീഷണി ഉയര്‍ത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ അത്യാഹിത നീക്കം.

സുനാമിയെ ഓര്‍മ്മിപ്പിച്ച മിന്നല്‍പ്രളയത്തില്‍ ഇതുവരെ 675 മൃതദേഹങ്ങളാണ് ഔദ്യോഗികമായി കണ്ടെടുത്തത്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണസംഖ്യ 700 കടന്നു കഴിഞ്ഞു. ഇന്ത്യയുടെ തെക്കേയറ്റ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചിത്വാനില്‍ നിന്നു മാത്രം 233 മൃതദേഹങ്ങളാണ് ലഭിച്ചത്. ആശുപത്രികളിലെ മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞതോടെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പോലും താല്‍ക്കാലിക മോര്‍ച്ചറികളാക്കി മാറ്റിയിരിക്കുകയാണ്. എങ്കിലും മൃതദേഹങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിക്കാന്‍ വഴിയില്ലാത്തതിനാല്‍ പലതും ജീര്‍ണ്ണിച്ചു തുടങ്ങുകയും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്. ഇത് പ്രദേശത്ത് ഗുരുതരമായ അണുബാധയ്ക്കും രോഗവ്യാപനത്തിനും സാധ്യത വര്‍ധിപ്പിക്കുന്നു.

തിരിച്ചറിയാന്‍ ഡിഎന്‍എ ടാഗിങ്; ഒന്നരമീറ്റര്‍ ആഴത്തില്‍ സംസ്‌കാരം

ഭാവിയില്‍ പ്രിയപ്പെട്ടവരെ തേടിയെത്തുന്ന ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാനുള്ള പ്രത്യേക സംവിധാനങ്ങളോടെയാണ് സംസ്‌കാരം നിര്‍വ്വഹിക്കുന്നത്. മൃതദേഹങ്ങളുടെ ചിത്രങ്ങളും തിരിച്ചറിയല്‍ അടയാളങ്ങളും രേഖപ്പെടുത്തുന്നതിനൊപ്പം ഡിഎന്‍എ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ഇതുവരെ നൂറോളം മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞു. സംസ്‌കരിക്കുന്ന ഓരോ സ്ഥലത്തിനും പ്രത്യേക നമ്പറും ലൊക്കേഷന്‍ ടാഗും നല്‍കുന്നതിനാല്‍ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥലം കൃത്യമായി കണ്ടെത്താനാകും. ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് ആവശ്യപ്പെടുകയാണെങ്കില്‍ മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം പിന്നീട് പുറത്തെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനായി വെറും ഒന്നരമീറ്റര്‍ മാത്രം ആഴമുള്ള കുഴികളിലാണ് ഇവ അടക്കം ചെയ്യുന്നത്.

ദുരന്തത്തില്‍ അകപ്പെട്ട വിദേശികളടക്കം രണ്ടായിരത്തഞ്ഞൂറോളം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ദുരന്തഭൂമിയില്‍ പ്രിയപ്പെട്ടവരുടെ ജീവനുള്ള അടയാളങ്ങള്‍ തിരയുകയാണ് ബന്ധുക്കള്‍. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെങ്കിലും മരണസംഖ്യ ഇനിയും കുത്തനെ ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam