ദുബായ്: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് കടക്കുന്ന ബാറ്ററായി റെക്കോഡിട്ട് വിരാട് കോഹ്‌ലി. ഞായറാഴ്ച പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനിടെയാണ് ഇന്ത്യന്‍ താരം നാഴികക്കല്ലിലെത്തിയത്; മത്സരത്തിന് മുമ്പ് 14000 കടക്കാന്‍ അദ്ദേഹത്തിന് 15 റണ്‍സ് മതിയായിരുന്നു. ഹാരിസ് റൗഫിനെതിരെ ഒരു ബൗണ്ടറിയുമായി കോഹ്ലി റെക്കോഡ് തന്റെ പേരിലാക്കി.
വെറും 287 ഇന്നിംഗ്സുകളില്‍ നിന്നാണ് അദ്ദേഹം 14,000 റണ്‍സ് തികച്ചത്. ഈ നേട്ടത്തിലെത്താന്‍ 350 ഇന്നിംഗ്സുകള്‍ കളിച്ച ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയായത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് 14000 റണ്‍സ് മറികടന്ന മറ്റൊരു ബാറ്റര്‍.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ (18,426) റെക്കോഡ് സച്ചിന്റെ പേരിലാണ്. രണ്ടാം സ്ഥാനത്തുള്ള സംഗക്കാരയുടെ 14,234 റണ്‍സിനോട് കോഹ്ലി അടുത്തു. ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പില്‍ ന്യൂസിലന്‍ഡിനെതിരായി ഒരു മത്സരം കൂടി ബാക്കിയുള്ളതിനാല്‍ (ഇന്ത്യ സെമിഫൈനലിനും ഫൈനലിനും യോഗ്യത നേടുകയാണെങ്കില്‍ രണ്ട് മത്സരങ്ങള്‍ കൂടി കൂടി) കോഹ്ലിക്ക് സംഗക്കാരയെ മറികടന്ന് ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനുള്ള അവസരമുണ്ട്.
2008-ല്‍ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ച കോഹ്ലി അതിനുശേഷം ടീമിനായി 299 മത്സരങ്ങളില്‍ കളിച്ചു. 2023 ലോകകപ്പിനിടെ, ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ തന്റെ 50-ാം സെഞ്ച്വറി നേടി, ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന സച്ചിന്റെ ദീര്‍ഘകാല റെക്കോര്‍ഡ് അദ്ദേഹം തകര്‍ത്തു. 51 ാം സെഞ്ച്വറിയാണ് പാകിസ്ഥാനെതിരെ ദുബായില്‍ കോഹ്ലി ഇന്ന് നേടിയത്.
ക്യാച്ചുകളിലും കിംഗ്
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കോഹ്ലി മറ്റൊരു ഇന്ത്യന്‍ റെക്കോഡ് കൂടി തന്റെ പേരിലാക്കി. ആദ്യ ഇന്നിംഗ്സില്‍, ഏകദിനത്തില്‍ ടീമിനായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ കോഹ്ലി മറികടന്നു. മല്‍സരത്തിന് മുന്‍പ് 156 ക്യാച്ചുകളുമായി അസ്ഹറുദ്ദീനുമായി സമനിലയിലായിരുന്നു കോഹ്ലി. മല്‍സരത്തില്‍ 2 ക്യാച്ചുകള്‍ കൂടി നേടി മുന്‍ ക്യാപ്റ്റനെ അദ്ദേഹം മറികടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്