ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ 352 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഓസ്‌ട്രേലിയ. ലാഹോർ, ഗദ്ദാഫി സ്റ്റേഡിയത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ജോഷ് ഇൻഗ്ലിസ് (86 പന്തിൽ പുറത്താവാതെ 120) സെഞ്ചുറി കരുത്തിൽ ഓസീസ് 47.3 ഓവറിൽ ലക്ഷ്യം മറികടന്നു. അലക്‌സ് ക്യാരിയുടെ (63 പന്തിൽ 69), മാത്യു ഷോർട്ട് (66 പന്തിൽ 63) എന്നിവരുടെ ഇന്നിംഗ്‌സ് നിർണായകമായി. ഒരു ഐസിസി ടൂർണമെന്റിൽ ഇത്രയും ഉയർന്ന സ്‌കോർ പിന്തുടർന്ന് ജയിക്കുന്നത് ഇതാദ്യമാണ്. നേരത്തെ, ബെൻ ഡക്കറ്റിന്റെ (143 പന്തിൽ 163) ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ജോ റൂട്ട് (68) മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിന് വേണ്ടി ബെൻ ഡ്വാർഷ്വിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം സാംപ, മർനസ് ലബുഷെയ്ൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോർബോർഡിൽ 27 റൺസുള്ളപ്പോൾ ട്രാവിസ് ഹെഡ് (6), സ്റ്റീവൻ സ്മിത്ത് (5) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. പിന്നീട് മർനസ് ലബുഷെയ്ൻ (47) - ഷോർട്ട് സഖ്യം 95 റൺസ് കൂട്ടിചേർത്ത് ഓസീസിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ ലബുഷെയ്‌നെ പുറത്താക്കി ആദിൽ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ഷോർട്ടും മടങ്ങി. ഒരു സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതോടെ നാലിന് 136 എന്ന നിലയിലായി ഓസീസ്. മത്സരം ഇംഗ്ലണ്ട് കയ്യിലാക്കി എന്ന് കരുതിയിരിക്കെയാണ് ഇൻഗ്ലിസ് - ക്യാരി കൂട്ടുകെട്ട് ഓസീസിന് രക്ഷയാവുന്നത്.
146 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. ഓസീസിന്റെ വിജയത്തിൽ നിർണായകമായതും ഈ കൂട്ടുകെട്ടായിരുന്നു. 42 -ാം ഓവറിൽ ക്യാരി മടങ്ങിയെങ്കിലും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ (15 പന്തിൽ 32) ഇന്നിംഗ്‌സ് ഓസീസിന് ജയമൊരുക്കി. സിക്‌സടിച്ച് ഇൻഗ്ലിസ് വിജയം ആഘോഷിക്കുകയായിരുന്നു. 86 പന്തുകൾ നേരിട്ട ഇൻഗ്ലിസ് ആറ് സിക്‌സും എട്ട് ഫോറും നേടി. മാക്‌സിയുടെ ഇന്നിംഗ്‌സിൽ രണ്ട് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. നേരത്തെ, തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. ഫിലിപ് സാൾട്ട് (10), ജാമി സ്മിത്ത് (15) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. ഇരുവരേയും ഡ്വാർഷ്വിസ് മടക്കിയതോടെ രണ്ടിന് 43 എന്ന നിലയിലായി ഇംഗ്ലണ്ട്.
പിന്നീടാണ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. ഡക്കറ്റ് - റൂട്ട് സഖ്യം 158 റൺസാണ് കൂട്ടിചേർത്തത്. 31-ാം ഓവർ വരെ ഇരുവരും ക്രീസിൽ തുടർന്നു. ഈ ഓവറിലെ അവസാന പന്തിൽ റൂട്ടിനെ ആഡം സാംപ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്നെത്തിയവരിൽ ആർക്കും ഡക്കറ്റിന് പിന്തുണ നൽകാൻ സാധിച്ചില്ല. ഹാരി ബ്രൂക്ക് (3), ജോസ് ബട്‌ലർ (23), ലിയാം ലിവിംഗ്സ്റ്റൺ (14) എന്നിവർ നിരാശപ്പെടുത്തി. ഇതിനിടെ ഡക്കറ്റ് സെഞ്ചുറി പൂർത്തിയാക്കി. തുടർന്നും താരം ആക്രമിച്ച് തന്നെ കളിച്ചു. 48-ാം ഓവറിലാണ് ഡക്കറ്റ് മടങ്ങുന്നത്. അപ്പോഴേക്കും സ്‌കോർ 320 കടന്നിരുന്നു. ബ്രൈഡൺ കാർസെയാണ് (8) പുറത്തായ മറ്റൊരു താരം. ജോഫ്ര ആർച്ചർ (21), ആദിൽ റഷീദ് (1) എന്നിവർ പുറത്താവാതെ നിന്നു. ഗ്രൂപ്പ് ബിയിൽ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്