ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ എട്ട് തൊഴിലാളികളെ ബന്ധപ്പെടാന്‍ ഇനിയും സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ ഇവരുമായി സമ്പര്‍ക്കം സ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതിന് അടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകരുടെ ഒരു സംഘത്തിന് സാധിച്ചിട്ടുണ്ടെന്ന് നാഗര്‍കുര്‍ണൂല്‍ ജില്ലാ കലക്ടര്‍ ബി സന്തോഷ് പറഞ്ഞു. എന്നാല്‍ ചെളി അടിഞ്ഞിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളില്‍ ഓക്‌സിജനും വൈദ്യുതിയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിആര്‍എഫിന്റെ നാല് ടീമുകളും 24 സൈനികരും എസ്ഡിആര്‍എഫ് സംഘവുമാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. ശ്രീശൈലം കനാല്‍ (എസ്എല്‍ബിസി) പദ്ധതിയുടെ തുരങ്കത്തിനുള്ളില്‍ 14 കിലോമീറ്റര്‍ ചുറ്റളവിലാണ് എട്ടുപേരും കുടുങ്ങിക്കിടക്കുന്നത്.
51 തൊഴിലാളികള്‍ ഹൈദരാബാദില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഒരു കുന്നിലൂടെ ഖനനം നടത്തുകയായിരുന്നു. രാവിലെ 8.30 ഓടെ തുരങ്കത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞു. ഭൂരിഭാഗം തൊഴിലാളികളും രക്ഷപ്പെട്ടു, എന്നാല്‍ രണ്ട് സൈറ്റ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ തുരങ്കത്തിലെ 14 കിലോമീറ്റര്‍ പരിധിക്കടുത്തുള്ള ടണല്‍ ബോറിംഗ് മെഷീന് (ടിബിഎം) പിന്നില്‍ കുടുങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്