അണ്ടർ 19 ഏകദിന ലോകകപ്പിൽ പാകിസ്ഥാന് തോൽവിയോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 37 റൺസിനാണ് പാകിസ്ഥാൻ പരാജയപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 46.5 ഓവറിൽ 210ന് എല്ലാവരും പുറത്തായി. 66 റൺസ് നേടിയ കലേബ് ഫാൽകോണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റ് നേടിയ അഹമ്മദ് ഹുസൈൻ ഇംഗ്ലണ്ടിന്റെ തകർച്ചയിൽ നിർണായക പങ്കുവഹിച്ചു. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 46.3 ഓവറിൽ 173ന് എല്ലാവരും പുറത്താവുകയായിരുന്നു.
65 റൺസ് നേടിയ ക്യാപ്ടൻ ഫർഹാൻ യൂസഫിന് മാത്രമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങാൻ സാധിച്ചത്. മറ്റാർക്കും 20 റൺസിന് അപ്പുറമുള്ള സ്‌കോർ പോലും നേടാൻ സാധിച്ചില്ല. 28 റൺസിനിടെതന്നെ ആദ്യ മൂന്ന് വിക്കറ്റുകൾ പാകിസ്ഥാന് നഷ്ടമായിരുന്നു. മുഹമ്മദ് ഷയാൻ (7), ഉസ്മാൻ ഖാൻ (6), സമീർ മിൻഹാസ് (10) എന്നിവരാണ് മടങ്ങിയത്. പിന്നാലെ അഹമ്മദ് ഹുസൈൻ (12) - യൂസഫ് സഖ്യം 26 റൺസ് കൂട്ടിചേർത്തു. എന്നാൽ ഫർഹാൻ അഹമ്മദിന്റെ പന്തിൽ വിക്കറ്റ് മുന്നിൽ കുടുങ്ങി ഹുസൈൻ പുറത്തായി. തുടർന്നെത്തിയ ഹുസൈഫ അഹ്‌സാൻ (17), ഹംസ സഹൂർ (4) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല.
തുടർന്ന് യൂസഫ് - അബ്ദുൾ സുബ്ഹാൻ (14) സഖ്യം 48 റൺസ് കൂട്ടിചേർത്തെങ്കിലും വിജയത്തിന് അത് മാത്രം പോരായിരുന്നു. ഇരുവരും പുറത്തായതോടെ പാകിസ്ഥാൻ തോൽവി സമ്മതിച്ച മട്ടായി. ഉമർ സൈബ് (10), അലി റാസ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മൊമിൻ ഖമർ (18) പുറത്താവാതെ നിന്നു. നേരത്തെ ഫാൽകോണർക്ക് പുറമെ ബെൻ ഡോക്കിൻസ് (33), റാൽഫി ആർബെർട്ട് (25), ബെൻ മയെസ് (20) എന്നിവരും ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോട്‌ലൻഡും സിംബാബ്‌വെയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
