ഐ.പി.എൽ പതിനെട്ടാം സീസണിൽ തിളങ്ങുന്ന നാല് യുവതാരങ്ങൾ ഭാവിയിൽ ടീം ഇന്ത്യക്ക് മുതൽക്കൂട്ടാകുമെന്ന് ഇന്ത്യൻ മുൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ദി ഐസിസി റിവ്യൂ എന്ന ഷോയുടെ പുതിയ എപ്പിസോഡിലാണ് ശാസ്ത്രിയുടെ പ്രശംസ നാല് യുവ ബാറ്റർമാർക്ക് ലഭിച്ചത്. നാല് താരങ്ങളും ഭയരഹിതമായി ബാറ്റ് വീശുന്നത് ശാസ്ത്രിയുടെ ശ്രദ്ധയാകർഷിച്ചു.
ചെന്നൈ സൂപ്പർ കിംഗ്‌സ് യുവ ഓപ്പണർ ആയുഷ് മഹാത്ര, രാജസ്ഥാൻ റോയൽസിന്റെ 14 വയസുകാരനായ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവൻഷി, പഞ്ചാബ് കിംഗ്‌സിന്റെ അഗ്രസീവ് ഓപ്പണിംഗ് സഖ്യമായ പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ് എന്നിവരാണ് ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുതൽക്കൂട്ടാകുമെന്ന് രവി ശാസ്ത്രി നിരീക്ഷിക്കുന്നത്.
'ഐ.പി.എൽ പതിനെട്ടാം സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു പഞ്ചാബ് ഓപ്പണർമാർ (പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്). ഇപ്പോൾ വന്നിരിക്കുന്ന 14ഉം, 17ഉം വയസ് മാത്രമുള്ള ചെറുപ്പക്കാർ ആദ്യ ആറ് ഓവറിൽ തന്നെ തകർത്തടിക്കുകയാണ്. അവിശ്വസനീയ ഷോട്ടുകളാണ് മുംബൈ ഇന്ത്യൻസിനെതിരെ മഹാത്ര പറത്തിയത്. ശരിയായ ആളുകളുടെ കൈകളിൽ എത്തിയാൽ മഹാത്ര ഇന്ത്യൻ ടീമിനൊരു മുതൽക്കൂട്ടായി വളരും' എന്നുമാണ് ശാസ്ത്രിയുടെ വാക്കുകൾ.
ഐ.പി.എൽ പതിനെട്ടാം സീസണിൽ 9 ഇന്നിംഗ്‌സുകളിൽ 200 സ്‌ട്രൈക്ക് റേറ്റിൽ 323 റൺസ് പഞ്ചാബ് കിംഗ്‌സിന്റെ 24 വയസുകാരനായ ഓപ്പണർ പ്രിയാൻഷ് ആര്യ നേടിക്കഴിഞ്ഞു. ഐ.പി.എല്ലിന്റെ തുടക്കത്തിൽ ഫോം കണ്ടെത്തിയ താരം സി.എസ്്.കെയ്‌ക്കെതിരെ സെഞ്ചുറിയും സ്വന്തമാക്കി. ഐ.പി.എല്ലിൽ മുമ്പും ഫോം കണ്ടെത്തിയിട്ടുള്ള മറ്റൊരു പഞ്ചാബ് ഓപ്പണറായ 24കാരൻ പ്രഭ്‌സിമ്രാൻ സിംഗ് ഈ സീസണിൽ 9 കളികളിൽ 159.63 സ്‌ട്രൈക്ക് റേറ്റിൽ 257 റൺസ് നേടി. പ്രഭ്‌സിമ്രാൻ വിക്കറ്റ് കീപ്പർ കൂടിയാണ്.
അതേസമയം 17 വയസുകാരനായ മഹാത്ര പരിക്കേറ്റ ക്യാപ്ടൻ റുതുരാജ് ഗെയ്ക്‌വാദിന് പകരമാണ് സി.എസ്്.കെ ടീമിലെത്തിയത്. കരുത്തുറ്റ ബൗളിംഗ് ലൈനപ്പുള്ള മുംബൈ ഇന്ത്യൻസിനെതിരെ മഹാത്ര 15 പന്തിൽ 32 റൺസെടുത്തിരുന്നു. ഐ.പി.എൽ അരങ്ങേറ്റത്തിൽ നേരിട്ട ആദ്യ പന്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഷർദ്ദുൽ താക്കൂറിനെതിരെ സിക്‌സർ പറത്തിക്കൊണ്ട് തുടങ്ങിയ താരമാണ് രാജസ്ഥാൻ റോയൽസിന്റെ 14 വയസുകാരൻ വൈഭവ് സൂര്യവൻഷി. വൈഭവ് നേടിയ സിക്‌സർ ഏവരുടെയും ടെൻഷൻ എടുത്തുമാറ്റുന്നതായി എന്നാണ് രവി ശാസ്ത്രിയുടെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്