ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് 5 വിക്കറ്റിന് കീഴടക്കി. ചെന്നൈക്കതിരെ അവരുടെ മൈതാനമായ ചെപ്പോക്കിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യജയമാണിത്. തോൽവി അവസാന സ്ഥാനത്തുള്ള ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി. ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ മറികടന്ന് 8-ാം സ്ഥാനത്തായി.
ചെപ്പോക്കിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 19.5 ഓവറിൽ 154 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഹൈദരാബാദ് 8 പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (155/5). ഓപ്പണർ അഭിഷേക് ശർമ്മയെ (0) ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ ഖലീൽ അഹമ്മദ് പുറത്താക്കിയെങ്കിലും പകരമെത്തിയ ഇഷാൻ കിഷൻ 34 പന്തിൽ 44 റൺസ് നേടി ചേസിംഗിൽ ഹൈദരാബാദിന്റെ മുന്നണിപ്പോരാളിയായി. കാമിൻഡു മെൻഡിസും (പുറത്താകാതെ 22 പന്തിൽ 32) തിളങ്ങി. ട്രാവിസ് ഹെഡ് (19), അനികേത് (19), നിതീഷ് റെഡ്ഡി (പുറത്താകാതെ 19) എന്നിവരും നിർണായക സംഭാവന നൽകി.
നേരത്തേ ദക്ഷിണാഫ്രിക്കൻ യുവ താരം ഡെവാൾഡ് ബ്രെവിസാണ് ( 25 പന്തിൽ 42) ടോപ് സ്‌കോററായത്. ചെന്നൈക്കായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ബ്രെവിസ് 1 ഫോറും 4 സിക്‌സും അടിച്ചു. 4 ഓവറിൽ 28 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് ചെന്നൈ ബാറ്റിംഗ്നിരയിൽ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ക്യാപ്ടൻ പാറ്റ് കമ്മിൻസും ജയദേവ് ഉനദ്കടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ചെന്നൈക്കും വിക്കറ്റ് നഷ്ടമായിരുന്നു.
ഓപ്പണർ റഷീദിനെ സ്ലിപ്പിൽ അഭിഷേക് ശർമ്മയുടെ കൈയിൽ എത്തിച്ച് മുഹമ്മദ് ഷമിയാണ് ഹൈദരാബാദിന് തുടക്കത്തിലേ ബ്രേക്ക് ത്രൂ നൽകിയത്. ചെന്നൈക്കായി ആയുഷും (19 പന്തിൽ 30) തിളങ്ങി. ദീപക് ഹൂഡ (22), രവീന്ദ്ര ജഡേജ (21) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. സാം കറൻ (9), ശിവം ദുബെ (12), ക്യാപ്ടൻ എം.എസ് ധോണി (6) എന്നിവരെല്ലാം നിരാശപ്പെടുത്തി.
മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ബ്രെവിസിനെ പുറത്താക്കാൻ ഹർഷലിന്റെ പന്തിൽ ലോംഗ് ഓഫിൽ ഇടത്തോട്ട് പറന്ന് കാമിൻഡു മെൻഡിസ് എടുത്ത ക്യാച്ച് ലോകോത്തരമായിരുന്നു. ബ്രെവിസ് പോയത് ചെന്നൈയുടെ റണ്ണൊഴുക്കിനെ കാര്യമായി ബാധിച്ചു. 4 ഐ.പി.എല്ലിൽ നാലാം തവണയാണ് മുഹമ്മദ് ഷമി ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ വിക്കറ്റെടുക്കുന്നത്. അണ്ടർ 21 ഐ.പി.എല്ലിൽ 21 വയസിൽ താഴെയുള്ള നാലാമത്തെ ഓപ്പണിംഗ് സഖ്യമായി ചെന്നൈയുടെ ഓപ്പണർമാരായ റഷീദും ആയുഷ് മാത്രെയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്