ബംഗ്‌ളുരു: ആർ.സി.ബിക്കെതിരായ രണ്ടാം ഐ.പി.എൽ മത്സരത്തിലും തോറ്റ് രാജസ്ഥാൻ റോയൽസ്. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 റൺസിനാണ് ആർ.സി.ബി രാജസ്ഥാനെ കീഴടക്കിയത്. സീസണിലെ രാജസ്ഥാന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. ആകെ ഒൻപത് മത്സരങ്ങളിൽ ഏഴാം തോൽവിയും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയപ്പോൾ രാജസ്ഥാന്റെ മറുപടി 194/9ലൊതുങ്ങുകയായിരുന്നു. മറുപടിക്കിറങ്ങിയ രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാൾ (49), ധ്രുവ് ജുറേൽ (47) എന്നിവർ പൊരുതിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ കൂട്ടത്തോടെ പൊഴിഞ്ഞത് തിരിച്ചടിയായി. സഞ്ജു സാംസൺ പരിക്കുമൂലം കളിക്കാതിരുന്ന മത്സരത്തിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിച്ചത്. നാലുവിക്കറ്റുമായി ഹേസൽവുഡും രണ്ട് വിക്കറ്റുമായി ക്രുനാൽ പാണ്ഡ്യയും ആർ.സി.ബി ബൗളിംഗിൽ തിളങ്ങി.
അർദ്ധസെഞ്ച്വറികളുമായി നിറഞ്ഞാടിയ സൂപ്പർ താരം വിരാട് കോഹ്ലിയും (70)മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ് (50) ആർ.സി.ബിയെ മികച്ച സകോറിലേക്ക് നയിച്ചത്. വിരാടും ഫിൽ സാൾട്ടും (26) ചേർന്ന് 6.4 ഓവറിൽ 61 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് ആർ.സി.ബിക്ക് നൽകിയത്. ഹസരംഗയുടെ പന്തിൽ പുറത്തായ സാൾട്ടിന് പകരമെത്തിയ ദേവ്ദത്ത് വിരാടിനൊപ്പം ചേർന്നതോടെ ആതിഥേയരുടെ സ്‌കോർ ഉയർന്നു.
രണ്ടാം വിക്കറ്റിൽ 51 പന്തുകളിൽ 95 റൺസാണ് ഇവർ അടിച്ചുകൂട്ടിയത്. 42 പന്തുകളിൽ എട്ടുഫോറും രണ്ട് സിക്‌സുമടക്കം ഈ സീസണിലെ അഞ്ചാം അർദ്ധസെഞ്ച്വറി നേടിയ വിരാട് 16-ാം ഓവറിൽ ആർച്ചറുടെ പന്തിൽ റാണയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ അടുത്ത ഓവറിൽ ദേവ്ദത്തും മടങ്ങി. 27 പന്തുകളിൽ നാലുഫോറും മൂന്ന് സിക്‌സും പായിച്ച ദേവ്ദത്തിന്റെ സീസണിലെ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയാണ്. സന്ദീപ് ശർമ്മയാണ് ദേവ്ദത്തിനെ പുറത്താക്കിയത്. തുടർന്ന് ടിം ഡേവിഡും (23) ജിതേഷ് ശർമ്മയും (20*) ചേർന്ന് 200 കടത്തി.
ഇന്നത്തെ മത്സരം ചെന്നൈ Vs ഹൈദരാബാദ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്