ന്യൂഡെല്‍ഹി: സായുധ സേനയെ ആധുനികവല്‍ക്കരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനായി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആളുകളോട് ആവശ്യപ്പെടുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് പ്രതിരോധ മന്ത്രാലയം.
ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ ആശയം നിര്‍ദ്ദേശിച്ചതായാണ് വ്യാജ സന്ദേശം അവകാശപ്പെടുന്നത്.
പ്രസ്തുത സന്ദേശത്തിലെ അക്കൗണ്ട് വിശദാംശങ്ങള്‍ തെറ്റാണെന്നും അത്തരം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകരുതെന്നും പ്രതിരോധ മന്ത്രാലയം ആളുകളോട് അഭ്യര്‍ത്ഥിച്ചു.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) നടത്തിയ വസ്തുതാ പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ''ഇന്ത്യന്‍ സൈന്യത്തിന്റെ നവീകരണത്തിനായി സര്‍ക്കാര്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വാട്ട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഇന്ത്യന്‍ സൈന്യത്തിന്റെ നവീകരണത്തിനോ ആയുധങ്ങള്‍ വാങ്ങുന്നതിനോ ഉള്ളതല്ല,'' പിഐബി പറഞ്ഞു.
വ്യാജ സന്ദേശത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്, 'സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍ നിര്‍ദ്ദേശിച്ചതുപോലെ മോദി സര്‍ക്കാരിന്റെ മറ്റൊരു നല്ല തീരുമാനം. ഇന്ത്യന്‍ സൈന്യത്തിന് പ്രതിദിനം ഒരു രൂപ മാത്രം. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍, ഇന്ത്യന്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിനും യുദ്ധമേഖലയില്‍ പരിക്കേറ്റവരോ രക്തസാക്ഷികളോ ആയ സൈനികര്‍ക്കായും മോദി സര്‍ക്കാര്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. ഇതില്‍ ഓരോ ഇന്ത്യക്കാരനും സ്വന്തം ഇഷ്ടപ്രകാരം എത്ര തുകയും സംഭാവന ചെയ്യാം. ഇത് ഒരു രൂപയില്‍ നിന്ന് ആരംഭിച്ച് പരിധിയില്ലാത്തതാണ്. ഈ പണം സൈന്യത്തിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും ആയുധങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കും.'
യുദ്ധത്തില്‍ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന സൈനികര്‍ക്കായി സര്‍ക്കാര്‍ നിരവധി ക്ഷേമ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
2020-ല്‍, സര്‍ക്കാര്‍ സായുധ സേനാ യുദ്ധ അപകട ക്ഷേമനിധി (എഎഫ്ബിസിഡബ്ല്യുഎഫ്) സ്ഥാപിച്ചു. ഇത് സജീവ സൈനിക പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ വെടിയുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്ന സൈനികരുടെയോ നാവികരുടെയോ വ്യോമസേനാംഗങ്ങളുടെയോ കുടുംബങ്ങള്‍ക്ക് ഉടനടി സാമ്പത്തിക സഹായം നല്‍കുന്നു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള വിമുക്തഭടന്മാരുടെ ക്ഷേമ വകുപ്പിന് വേണ്ടി ഇന്ത്യന്‍ സൈന്യം ഈ ഫണ്ട് പരിപാലിക്കുന്നു. അതേസമയം സായുധ സേനാ യുദ്ധ അപകട ക്ഷേമനിധി അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവനകള്‍ നല്‍കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്