ശ്രീനഗര്‍: പഹല്‍ഗാം വെടിവെപ്പിന് പിന്നാലെ അതിലുള്‍പ്പെട്ട ഭീകരവാദികളുടെ വീടുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ് സുരക്ഷാ സേന. ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളെന്ന് സംശയിക്കുന്ന ആദില്‍ ഹുസ്സൈന്‍ തോക്കറിന്റെ വീടും സൈന്യം നിയന്ത്രിത സ്ഫോടനത്തില്‍ തകര്‍ക്കുകയുണ്ടായി. അനന്ത്നാഗ് ജില്ലയിലുള്ള ബിജ്ബെഹറയിലുള്ള ആദിലിന്റെ കുടുംബം താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. കുടുംബാംഗങ്ങളെ സുരക്ഷാസേന മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിയ ശേഷം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു വീട് തകര്‍ത്തത്.
പാകിസ്താനിലേക്ക് സ്റ്റുഡന്റ് വിസയില്‍ പോയ ആദിലുമായി 2018 മുതല്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. 2018 ഏപ്രില്‍ 29 ന് ഒരു പരീക്ഷയ്ക്കായി ബദ്ഗാമിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയതാണ്. ഞങ്ങള്‍ക്ക് അവനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അതിനുശേഷം, അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അന്ന് തങ്ങള്‍ കാണാതായതായി പരാതി നല്‍കിയിരുന്നുവെന്ന് ആദിലിന്റെ മാതാവ് ഷഹ്സാദ ബാനു പറഞ്ഞു.
മകന്‍ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തനിക്ക് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ബാനു അവനതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സൈന്യത്തിന് വേണ്ട പോലെ ചെയ്യാം എന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍ ആദില്‍ കീഴടങ്ങണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
ആദില്‍ 2018-ല്‍ സ്റ്റുഡന്റ് വിസയില്‍ പാകിസ്താനിലേക്ക് കടന്നതായി രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ആദില്‍ തിരിച്ചെത്തിയെന്നും ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ആദിലിന്റെ പിതാവിനെയും സഹോദരങ്ങളേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷഹ്സാദ ബാനുവിനെയും കസ്റ്റഡിയിലെടുത്തെങ്കിലും ഒരു ദിവസത്തിന് ശേഷം വിട്ടയച്ചു. അധികൃതര്‍ പുറത്തുവിട്ട രേഖാ ചിത്രം തന്റെ മകനുമായി സാമ്യമുള്ളതല്ലെന്നാണ് ബാനു അവകാശപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്