ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയും വനം മന്ത്രി പൊന്മുടിയും ഞായറാഴ്ച ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് രാജി നല്‍കി. തൊട്ടുപിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. അഴിമതി കേസില്‍ കുടുങ്ങിയ സെന്തില്‍ ബാലാജി മന്ത്രിയായിരിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് അടുത്തിടെ സുപ്രീം കോടതി നടത്തിയിരുന്നത്. ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച സംഭവത്തെത്തുടര്‍ന്ന് പൊന്‍മുടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
മന്ത്രിസഭാ പുനസംഘടനയില്‍ ഗതാഗത മന്ത്രി എസ് എസ് ശിവശങ്കറിന് വൈദ്യുതി വകുപ്പും ഭവന മന്ത്രി എസ് മുത്തുസാമിക്ക് എക്സൈസ് ആന്‍ഡ് പ്രോഹിബിഷന്‍ വകുപ്പും നല്‍കി. ആര്‍ എസ് രാജകണ്ണപ്പന്‍ ഇപ്പോള്‍ നിലവിലുള്ള പാല്‍, ക്ഷീര വികസന വകുപ്പിന് പുറമേ വനം, ഖാദി വകുപ്പുകളും കൈകാര്യം ചെയ്യും.
പത്മനാഭപുരം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ടി മനോ തങ്കരാജിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. അദ്ദേഹം മുന്‍ പാല്‍, ക്ഷീര വികസന മന്ത്രിയായിരുന്നു.
മുന്‍ അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാന ഗതാഗത മന്ത്രിയായിരിക്കെ, ജോലിക്ക് പകരം പണം വാങ്ങിയെന്ന ആരോപണത്തില്‍ സെന്തില്‍ ബാലാജി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നേരിടുന്നുണ്ട്. സുപ്രീം കോടതി ജാമ്യം അനുവദിച്ച ബാലാജി, ജയിലില്‍ നിന്ന് മോചിതനായി ദിവസങ്ങള്‍ക്ക് ശേഷം മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ടു. മന്ത്രിയാകുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കുമെന്ന് ഇഡി വാദിച്ചു.
ഒരു പൊതുപരിപാടിക്കിടെ ശൈവ, വൈഷ്ണവ വിശ്വാസങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ പൊന്‍മുടിക്കെതിരെ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും പ്രതിഷേധത്തിലാണ്. മന്ത്രി തന്റെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും, മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്