ഒട്ടാവ: കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയും കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോളിവെറുമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ പ്രധാനികള്‍. അഭിപ്രായസര്‍വേകളില്‍ മുന്നില്‍ കാര്‍ണി തന്നെയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുദ്ധത്തിന്റെയും കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കുമെന്ന ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് കാനഡയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനസംഖ്യാവര്‍ധനയ്ക്ക് ആനുപാതികമായി 2021-ലെ തിരഞ്ഞെടുപ്പിനേക്കാള്‍ അഞ്ചുസീറ്റ് ഇക്കുറി കൂട്ടി. 172 സീറ്റാണ് സര്‍ക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം.
സാമ്പത്തികപ്രതിസന്ധി, കുടിയേറ്റപ്രശ്‌നം, യുഎസുമായും ഇന്ത്യയുമായുമുള്ള നയതന്ത്രപ്പോര്, തീരുവ തുടങ്ങി വിവിധ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെയാണ് ആ സ്ഥാനത്തേക്ക് മുന്‍ കേന്ദ്രബാങ്ക് ഗവര്‍ണറായ കാര്‍ണിയെത്തിയത്. സര്‍ക്കാരിന് ഒക്ടോബര്‍വരെ കാലാവധിയുണ്ടായിരുന്നെങ്കിലും അദ്ദേഹം തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കുകയായിരുന്നു.
ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നായിരുന്നു സര്‍വേഫലങ്ങളെല്ലാം. മാര്‍ച്ചില്‍ പിരിച്ചുവിട്ട പാര്‍ലമെന്റില്‍ ലിബറലുകള്‍ക്ക് 152 സീറ്റും കണ്‍സര്‍വേറ്റീവുകള്‍ക്ക് 120 സീറ്റുമാണുണ്ടായിരുന്നത്. 24 സീറ്റുള്ള ജഗ്മീത് സിങ്ങിന്റെ ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലിബറല്‍സര്‍ക്കാര്‍ ഭരണത്തിലെത്തിയത്. 2.82 കോടി രജിസ്ട്രേഡ് വോട്ടര്‍മാരാണ് കാനഡയിലുള്ളത്. 73 ലക്ഷം പേര്‍ മുന്‍കൂറായി വോട്ട് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്