കേരള ബ്ലാസ്‌റ്റേഴ്‌സ് കലിംഗ സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

APRIL 27, 2025, 2:56 AM

ഭുവനേശ്വർ: സീസണിൽ ഒരിക്കൽക്കൂടി മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്‌സിന് മുന്നിൽ തോറ്റ് കേരളാ ബ്ലാസ്റ്റേഴ്‌സ് കലിംഗ സൂപ്പർ കപ്പിൽ സെമി കാണാതെ പുറത്തായി. ഇന്നലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബഗാൻ ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. 

മുൻ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദും സുഹൈൽ അഹമ്മദ് ബട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ദവീദ് കറ്റാലയുടെ സംഘത്തിന് ജയം പിടിക്കാനായില്ല. രണ്ടാം പകുതിയുടെ ആധിക സമയത്ത് ശ്രീകുട്ടനാണ് ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോൾ മടക്കിയത്. ഈ ഐ.എസ്.എൽ സീസണിലും ബഗാനെതിരായ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ ക്യാപ്ടൻ അഡ്രിയാൻ ലൂണയ്ക്ക് പകരം മുഹമ്മദ് ഐമന് ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ അവസരം ലഭിച്ചു.
മികച്ച നീക്കങ്ങളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. തുടക്കത്തിൽ പല തവണ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

vachakam
vachakam
vachakam

എന്നാൽ 22-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ബഗാൻ ലീഡ് നേടി. വലതു വിംഗിലൂടെ പന്തുമായെത്തിയ സലാഹുദീനെ തടയാൻ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം നവോച്ചയ്ക്കായില്ല. വെട്ടിയൊഴിഞ്ഞ് ബോക്‌സിലേക്ക് കയറിയ സലാഹുദ്ദീൻ ഗോൾമുഖത്തുണ്ടായിരുന്ന സഹലിലേക്ക് കൃത്യം ക്രോസും നൽകി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം നോക്കിനിൽക്കെ സഹൽ ഗോൾകീപ്പർ സച്ചിൻ സുരേഷിനെ നിഷ്പ്രഭനാക്കി പന്ത് വലയിലാക്കി.

പിന്നാലെ സുഹൈൽ നടത്തിയ നീക്കം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം സമർഥമായി തടഞ്ഞു. ഇതിനിടെ ബോക്‌സിന് പുറത്തുനിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ നോഹ സദൂയ് തൊടുത്ത കരുത്തുറ്റ ഷോട്ട് ബഗാൻ ഗോളി ധീരജ് ആയാസപ്പെട്ട് സേവ് ചെയ്തു. തുടർന്ന് കിട്ടിയ കോർണറിൽനിന്നുള്ള അവസരം സദൂയിക്ക് മുതലാക്കാനുമായില്ല. 38-ാം മിനിറ്റിൽ ഹോർമിപാമിന്റെ ഒന്നാന്തരം ക്രോസ് ധീരജ് ഒറ്റക്കൈക്ക് കുത്തിയകറ്റി. രണ്ടാംപകുതിയുടെ തുടക്കത്തിൽതന്ന അദ്‌നാൻ ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ചെങ്കിലും സച്ചിൻ രക്ഷകനായി.

51-ാം മിനിറ്റിൽ കളിയുടെ ഗതിക്കെതിരായി ബഗാൻ ലീഡുയർത്തി. ഇടതു വിംഗിലൂട കുതിച്ചെത്തിയ ആഷിഖ് കുരുണിയെ തടയാൻ നവോച്ചയ്ക്ക് കഴിഞ്ഞില്ല. ക്രോസ് ഗോൾമുഖത്തേക്ക്. ഡ്രിൻസിച്ചിന്റെ തൊട്ടുമുന്നിൽനിന്ന് സുഹൈൽ അനായാസം ലക്ഷ്യം കണ്ടു.
56-ാം മിനിട്ടിൽ ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് മാറ്റങ്ങൾ വരുത്തി. 

vachakam
vachakam
vachakam

നവോച്ചയ്ക്കും ഹോർമിപാമിനും ഡാനിഷിനും പകരം സഹീഫും ശ്രീകുട്ടനും ഐബൻബ ഡോഹ്‌ലിംഗും കളത്തിലെത്തി. 65-ാം മിനിറ്റിലും 67-ാം മിനിറ്റിലും ഹിമിനെസിന്റെ ശ്രമങ്ങൾ നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. പകരക്കാരനായെത്തിയ പെപ്രയും ഗോളിനായി ആഞ്ഞുശ്രമിച്ചു. എന്നാൽ ധീരജിന്റെ സേവ് പെപ്രയെ തടഞ്ഞു.

82-ാം മിനിറ്റിൽ നോഹയുടെ മറ്റൊരു ശ്രമവും ധീരജ് തടുത്തു. 86-ാം മിനിറ്റിൽ വിബിനും പെപ്രയും കൂടി നടത്തിയ നീക്കവും ഗോൾമുഖത്ത് അവസാനിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിലായിരുന്നു പരിക്കു ശ്രീകുട്ടന്റെ ഗോൾ. ബോക്‌സിലേക്കുള്ള ഹിമിനിസിന്റെ പാസ് പിടിച്ചെടുത്ത് ശ്രീകുട്ടൻ ബഗാൻ വലയിൽ പന്തെത്തിക്കുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് തകർത്തുകളിച്ചെങ്കിലും സമനിലഗോൾ മാത്രം വന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam