ഫുട്‌ബോൾ ലോകം ഉറ്റുനോക്കിയ കോപ്പ ഡെൽ റേ, എൽ ക്ലാസിക്കോ ഫൈനലിൽ കപ്പുയർത്തി ബാഴ്‌സ. റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത് കോപ്പ ഡെൽറെയിൽ ബാഴ്‌സയുടെ 32-ാം കിരീടമാണിത്. ചിര വൈരികളായ എഫ്‌സി ബാഴ്‌സലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടിയ ആവേശ മത്സരത്തിലാണ് ഒരിക്കൽ കൂടി നെഞ്ച് വിരിച്ച് ബാഴ്‌സയുടെ കിരീട നേട്ടം. ഇന്ത്യൻ സമയം രാത്രി 1.30ന് സെവിയ്യയിലായിരുന്നു മത്സരം.
ചിരവൈരികളായ റയൽ മാഡ്രിഡിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയത്. സ്‌പെയ്‌നിലെ സെവിയയ്യിൽ നടന്ന പോരാട്ടത്തിന്റെ നിശ്ചിത 90 മിനിറ്റുകൾ അവസാനിക്കുമ്പോൾ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചു. ഇതോടെ എക്‌സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിന്റെ 116-ാം മിനിറ്റിൽ ജുൽസ് കുൻഡെ ബാഴ്‌സയ്ക്കായി വലകുലുക്കി. പെഡ്രി, ഫെറാൻ ടോറസ് എന്നിവർ ബാഴ്‌സയ്ക്കായി ആദ്യ രണ്ട് ഗോളുകൾ വലയിലെത്തിച്ചു.
കിലിയൻ എംബാപ്പെയും ഒറേലിയാൻ ച്യുവമേനിയുമാണ് റയലിനായി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ബാഴ്‌സയായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്. 28-ാം മിനിറ്റിൽ ലമീൻ യമാലിന്റെ കട്ട് ബാക്ക് വലയിലാക്കി പെഡ്രി ബാഴ്‌സയ്ക്കായി ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ 1-0ത്തിന് ലീഡ് ചെയ്യാനും ഹാൻസി ഫ്‌ളിക്കിന്റെ സംഘത്തിന് സാധിച്ചു.
രണ്ടാം പകുതിയിൽ 46-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ സബ്സ്റ്റ്യൂട്ടായി കളത്തിലെത്തിയതോടെയാണ് റയലിന്റെ പോരാട്ടത്തിന് തുടക്കമായത്. 70-ാം മിനിറ്റിൽ എംബാപ്പെയും 77-ാം മിനിറ്റിൽ ച്യുവമേനിയും റയലിനായി വലകുലുക്കി. എന്നാൽ ഫെറാൻ ടോറസിലൂടെ 84-ാം മിനിറ്റിൽ ബാഴ്‌സ സമനില ഗോൾ കണ്ടെത്തി.
രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 99-ാം മിനിറ്റിൽ റാഫീന്യയെ ഫൗൾ ചെയ്തതിന് പെനാൽറ്റി ലഭിക്കാതിരുന്നത് ബാഴ്‌സയുടെ വിജയം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. ഒടുവിൽ 116-ാം മിനിറ്റിൽ ജുൽസ് കുൻഡെയുടെ ഗോളിലൂടെ ബാഴ്‌സ കോപ്പ ഡെൽ റേയുടെ ചാംപ്യന്മാരാകുകയായിരുന്നു.
അവസാന നിമിഷം റഫറി റിക്കാർഡോ ഡി ബർഗോസിന് നേരെ പ്രതിഷേധമുയർത്തിയതിന് റയൽ മാഡ്രിഡ് താരങ്ങളായ അന്റോണിയോ റുഡ്രിഗർ, ലൂക്കാസ് വാസ്‌ക്വസ്, ജുഡ് ബെല്ലിങ്ഹാം എന്നിവർക്ക് ചുവപ്പ് കാർഡ് ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്