അൾജീരിയ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മഹ്‌റസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
നോക്കൗട്ടിൽ (റൗണ്ട് ഓഫ് 32) സ്വിറ്റ്‌സർലൻഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൾജീരിയ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ വിടവാങ്ങൽ. അഞ്ച് തവണ പ്രീമിയർ ലീഗ് കിരീടം ചൂടിയ 35കാരൻ മത്സരശേഷമാണ് തന്റെ തീരുമാനം അറിയിച്ചത്.
'തീർച്ചയായും, കരിയറിൽ നല്ല നിമിഷങ്ങളും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അത് കരിയറിന്റെ ഭാഗമാണ്. എന്നാൽ ചെറുപ്പം മുതലേ അൾജീരിയയെ പ്രതിനിധീകരിക്കുക എന്നത് എന്റെ വലിയൊരു സ്വപ്‌നമായിരുന്നു. രാജ്യത്തിനായി കളിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായും അഭിമാനമായും ഞാൻ കരുതുന്നു. ഇനി പുതിയ തലമുറ കളിക്കട്ടെ,' മഹ്‌റസ് പറഞ്ഞു. മത്സരത്തിന് ശേഷം കളം വിടുമ്പോൾ ആരാധകർക്ക് നേരെ കൈവീശിയും നെഞ്ചിൽ കൈചേർത്തുപിടിച്ചും താരം നന്ദി അറിയിച്ചു.
നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽഅഹ്ലിക്ക് വേണ്ടിയാണ് മഹ്‌റസ് കളിക്കുന്നത്. അൾജീരിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മഹ്‌റസ്, രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമാണ് (119 മത്സരങ്ങൾ). 40 ഗോളുകളോടെ അൾജീരിയയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തും ഈ മുന്നേറ്റ താരം തന്നെയാണ്.
2019ൽ അൾജീരിയ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കിരീടം നേടുമ്പോൾ മഹ്‌റസ് ടീമിന്റെ മുൻനിരയിലുണ്ടായിരുന്നു. ക്ലബ്ബ് തലത്തിൽ ലെസ്റ്റർ സിറ്റിക്കൊപ്പം ഒരു തവണയും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നാല് തവണയും പ്രീമിയർ ലീഗ് കിരീടം നേടിയ താരം, സിറ്റിക്കൊപ്പം യുവേഫ ചാംപ്യൻസ് ലീഗ് കിരീടത്തിലും പങ്കാളിയായിട്ടുണ്ട്. ഒരു ഇതിഹാസതുല്യമായ കരിയറിനാണ് ഇതോടെ അൾജീരിയൻ ജഴ്‌സിയിൽ അവസാനമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
