ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾക്കിടെ പോർച്ചുഗലിലെ മഡെയ്‌റയിൽ അരങ്ങേറിയത് കൗതുകകരമായ സംഭവം.
റൊണാൾഡോയുടെ വിവാഹമെന്ന് കരുതി ആയിരക്കണക്കിന് ആരാധകർ ഫിൻചാൽ കത്തീഡ്രലിന് മുന്നിൽ തടിച്ചുകൂടിയപ്പോൾ, ആഡംബര കാറിലെത്തിയത് മറ്റൊരു വധു!
ഈ മാസം എട്ടിന് റൊണാൾഡോയും ജോർജിനയും മഡെയ്‌റയിലെ ഫിൻചാൽ കത്തീഡ്രലിൽ വിവാഹിതരാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. പിന്നീട് ഇരുവരും ഈ റിപ്പോർട്ടുകൾ നിഷേധിച്ചിരുന്നു. എന്നാൽ അഭ്യൂഹം വിശ്വസിച്ച ആരാധകർ വിവാഹദിനത്തിൽ കത്തീഡ്രലിന് മുന്നിൽ എത്തുകയായിരുന്നു.
റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സിയണിഞ്ഞ 2,000ത്തോളം ആരാധകരാണ് കത്തീഡ്രൽ പരിസരത്ത് തടിച്ചുകൂടിയത്. ഇതിനിടെ ആഡംബര കാറിൽ വധു കത്തീഡ്രലിലേക്ക് എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. മൊബൈൽ ഫോണുകളുമായി ആരാധകർ കാറിന് ചുറ്റും കൂടി റൊണാൾഡോയുടെ പേര് വിളിച്ചു.
മഡെയ്‌റ സ്വദേശിനിയായ ഫാത്തിമ നിക്കോൾ ആയിരുന്നു കാറിലെത്തിയത്. റൊണാൾഡോയുടെ വിവാഹത്തിനല്ല, തന്റെ പങ്കാളിയായ ഫാബിയോ റാമോസുമായുള്ള വിവാഹത്തിനാണ് താൻ എത്തിയതെന്ന് ഫാത്തിമ ആരാധകരോട് വ്യക്തമാക്കുകയായിരുന്നു. ജനക്കൂട്ടം ചുറ്റും കൂടിയതോടെ ആശയക്കുഴപ്പത്തിലായ വധുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് കത്തീഡ്രലിനുള്ളിലേക്ക് സുരക്ഷിതമായി എത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റൊണാൾഡോയും പ്രതികരിച്ചു. വീഡിയോയ്ക്ക് താഴെ പൊട്ടിച്ചിരിക്കുന്ന ഇമോജി കമന്റ് ചെയ്താണ് താരം സംഭവത്തോടുള്ള പ്രതികരണം അറിയിച്ചത്.
ഇരുവരുടെയും വിവാഹ തിയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
