തിരുവനന്തപുരം: ബിജെപിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം ശക്തമാക്കി പാര്‍ട്ടി അച്ചടക്ക സമിതി. കേസിലെ സത്യവസ്ഥ പുറത്തുകൊണ്ടുവരാനായി മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്സിന്റെ നേതൃത്വത്തില്‍ ആരോപണവിധേയരുടേയും പരാതിക്കാരുടേയും മൊഴി രേഖപ്പെടുത്തി. പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ചായിരുന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടുന്ന അച്ചടക്ക സമിതിയുടെ സാന്നിധ്യത്തിലാണ് പൂര്‍ണ്ണമായും പൊലീസ് ശൈലിയില്‍ ജേക്കബ് തോമസ് ആളുകളെ ഒറ്റയ്ക്കിരുത്തി വിശദമായ മൊഴിയെടുത്തത്. പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്തുവന്ന വൗച്ചറുകള്‍, ശബ്ദരേഖകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
സാമ്പത്തിക ക്രമേക്കടിന്റെ പേരില്‍ സംസ്ഥാന ഭാരവാഹിത്വ ചുമതലയില്‍ നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. അഞ്ജനയുടേതായി പ്രചരിച്ച ഓഡിയോ സന്ദേശങ്ങളിലെ വസ്തുതകളെക്കുറിച്ചും അച്ചടക്കസമിതി വിവരങ്ങള്‍ തേടി.
അതേസമയം തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. ഇതുമായി ബന്ധപ്പെട്ട് നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും വിമര്‍ശനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഫണ്ട് തട്ടിപ്പ് ആരോപണങ്ങള്‍ തള്ളിക്കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാല്‍ തെളിവുകള്‍ സഹിതം പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും പാര്‍ട്ടിയിലെ അടുത്ത നടപടികളെന്നാണ് സൂചന.
ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ തന്നെ സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
