തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്റെ നേരിട്ടുള്ള ഇടപെടലുകള്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നു. കായിക വകുപ്പ് അറിയാതെ മന്ത്രി നേരിട്ടാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി (AFA) ഇമെയില്‍ വഴി ആശയവിനിമയം നടത്തിയത്. കരാറിന്റെ ആദ്യ ഗഡു ലഭിച്ച വിവരവും പിന്നീട് കരാര്‍ റദ്ദാക്കിയ കാര്യവും എഎഫ്എ മന്ത്രിയെ നേരിട്ട് അറിയിക്കുകയായിരുന്നു.
അനുബന്ധ കരാറുകള്‍ റദ്ദാക്കിയതില്‍ നീരസം പ്രകടിപ്പിച്ച് മന്ത്രി എഎഫ്എയ്ക്ക് അയച്ച കത്തുകള്‍ ഉള്‍പ്പെടെയുള്ള ഇമെയില്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കായിക വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ മന്ത്രിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വി. അബ്ദുറഹിമാനും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും സ്‌പോണ്‍സറായ ആര്‍ബിസിയും തമ്മില്‍ നടന്ന നിര്‍ണായക സാമ്പത്തിക ഇടപാടുകളുടെയും ആശയവിനിമയങ്ങളുടെയും രേഖകള്‍ പുറത്തുവന്നത്.
കരാര്‍ വിവരങ്ങളും ബാങ്ക് ഇടപാടുകളും അടങ്ങുന്ന ഈ മെയിലുകളില്‍ അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിലുള്ള തന്റെ പ്രത്യേക താല്പര്യവും മുന്‍ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെസ്സിയെ കൊണ്ടുവരാന്‍ സ്‌പോണ്‍സറുമായി ചേര്‍ന്ന് ഉണ്ടാക്കിയ മൂന്ന് കരാറുകളില്‍ 90 ലക്ഷം യുഎസ് ഡോളറിന്റെയും 55 ലക്ഷം യുഎസ് ഡോളറിന്റെയും ആദ്യ രണ്ട് കരാറുകള്‍ പണമിടപാടുകള്‍ വൈകിയതിനെ തുടര്‍ന്ന് റദ്ദാക്കപ്പെടുകയായിരുന്നു.
വിഷയത്തില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മെസ്സിയെ കേരളത്തിലെത്തിക്കാന്‍ 130 കോടി രൂപ നല്‍കിയ ടൂര്‍ പ്രോ എന്റര്‍ എന്ന കമ്പനി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഫ്.ബി.ഐയുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണെന്നും ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക സ്‌കാം നടന്നിട്ടുണ്ടെന്നും യൂത്ത് ലീഗ് ആരോപിച്ചു. വിഷയത്തില്‍ മുന്‍ മന്ത്രിക്കും സ്‌പോണ്‍സര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കിയ നിലവിലെ കായികമന്ത്രി ഒ. ജനീഷ്, വിശദമായ അന്വേഷണത്തിനായി കേസ് ഫയലുകള്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
