കോഴിക്കോട്: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുമായി നിര്‍ണായക തീരുമാനങ്ങളുമായി പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി. വിദേശത്തുള്ള പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസികളുമായി വേഗത്തില്‍ ബന്ധപ്പെടുന്നതിനായി പുതിയ സമ്പര്‍ക്ക സംവിധാനം ഒരുക്കും. കൂടാതെ അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ എം.എസ് മാധവിക്കുട്ടി സമിതിയെ അറിയിച്ചു.
പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ക്ഷേമനിധി പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം, അംഗത്വ അപേക്ഷകള്‍ വൈകുന്നത് തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉയര്‍ന്നുവന്നു. നോര്‍ക്ക സാന്ത്വനം പദ്ധതി വഴിയുള്ള ചികിത്സാ സഹായം നിലവിലെ 50,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കണമെന്നും, മരണാനന്തര സഹായം സമയബന്ധിതമായി അനുവദിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി 70 വയസായി ഉയര്‍ത്തുക, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക, സാങ്കേതിക തടസങ്ങള്‍മൂലം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി.
സമിതി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.എം അഭിജിത്ത്, പഴകുളം മധു, മുഹമ്മദ് മുഹസിന്‍, എം. വിന്‍സെന്റ്, സേവ്യര്‍ ചിറ്റിലപ്പിള്ളി, നോര്‍ക്ക കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം. ജയശ്രീ, എ.ഡി.എം കെ. ഷെറീന എന്നിവരും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
