കോട്ടയം: പ്രവര്‍ത്തനം തുടങ്ങി 12 വര്‍ഷം പിന്നിടുമ്പോഴും പഠിച്ചിറങ്ങിയ ഒരു വിദ്യാര്‍ഥിക്കുപോലും അക്കാദമിക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാതെ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ കൃത്യമായ ഭരണാസൂത്രണമോ അക്കാദമിക് കലണ്ടറോ ഇല്ലാത്തത് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണ്.
സ്ഥാപനം തുടങ്ങി ഇതുവരെ നാല് ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ മാത്രമാണ് കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടുള്ളത്. ഉയര്‍ന്ന യോഗ്യത നേടാനോ അനുയോജ്യമായ ജോലിക്ക് അപേക്ഷിക്കാനോ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഈ വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതകളും തൊഴിലവസരങ്ങളും പൂര്‍ണ്ണമായി അടഞ്ഞ നിലയിലാണ്.
2014-ല്‍ പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കി മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്‌സോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്ന് ബാച്ചുകള്‍ പഠിച്ചിറങ്ങി. തുടര്‍ന്ന് കോഴ്‌സ് മൂന്നുവര്‍ഷ ബിരുദാനന്തരബിരുദ ഡിപ്ലോമയായി ഉയര്‍ത്തിയെങ്കിലും അടുത്ത പ്രവേശനം നടക്കാന്‍ 2019 വരെ കാത്തിരിക്കേണ്ടി വന്നു. ഈ പുതിയ ബാച്ചില്‍ നിന്ന് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മാത്രമാണ് നിലവില്‍ പഠനം പൂര്‍ത്തിയാക്കിയത്.
2022, 2024, 2025 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഇപ്പോഴും പഠനം തുടരുകയാണ്. നടപ്പുവര്‍ഷത്തില്‍ ഇതുവരെ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇതും ഒരു സീറോ ഇയര്‍ ആയി മാറാനാണ് സാധ്യത. അഭിനയം, സംവിധാനം, എഡിറ്റിങ്, സൗണ്ട് ഡിസൈന്‍, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ്, ഛായാഗ്രഹണം തുടങ്ങിയ ആറ് പ്രമുഖ കോഴ്‌സുകളിലായി ആകെ 60 സീറ്റുകളാണ് ഇവിടെയുള്ളത്.
2014 ലെ ആദ്യ ബാച്ചിനായി സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയിരുന്നുവെങ്കിലും അതിലെ സാങ്കേതിക പോരായ്മകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ അവ പുതുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അടുത്തിടെ സര്‍ട്ടിഫിക്കറ്റിന്റെ അന്തിമ രൂപകല്‍പ്പന പൂര്‍ത്തിയായെങ്കിലും വിതരണം ചെയ്യുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ഗുരുതരമായ വീഴ്ചകള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ അപകടത്തിലാക്കുന്നു എന്ന പ്രതിഷേധം ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
