കാസര്‍കോട്: വധശ്രമക്കേസിൽ ഒളിവിലായിരുന്ന യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി കാസര്‍കോട് ടൗണ്‍ പൊലീസില്‍ കീഴടങ്ങി. പ്രവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഖാദര്‍ കരിപ്പൊടി കഴിഞ്ഞ നാല് മാസമായി ഒളിവിലായിരുന്നു.
പന്നിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ ആക്രമിച്ച സംഭവത്തില്‍ ഖാദറിന് പുറമെ റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. ഗള്‍ഫില്‍ വെച്ചുനടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം.
അബ്ദുല്‍ അഹദിന് മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഖാദര്‍ കരിപ്പൊടിയും സംഘവും ചേര്‍ന്ന് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും അഹദ് പരാതിപ്പെട്ടിരുന്നു.
കേസില്‍ ഖാദർ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയുമുണ്ടായി. പിന്നാലെയാണ് കീഴടങ്ങല്‍. നേരത്തെ, കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ ഗൗരവവും പ്രതിക്കെതിരായ മുന്‍കാല കേസുകളും പരിഗണിച്ചാണ് കോടതികള്‍ ജാമ്യം നിഷേധിച്ചിരുന്നത്. ഖാദര്‍ കരിപ്പൊടിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
