പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐ.സി.സി വരുത്തിയ മാറ്റങ്ങൾക്കെതിരെ ക്രിക്കറ്റ് സ്‌കോട്ട്‌ലൻഡും റോയൽ ഡച്ച് ക്രിക്കറ്റ് അസോസിയേഷനും (കെ.എൻ.സി.ബി) രംഗത്ത്.
ലോകകപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐ.സി.സി നടപ്പിലാക്കിയ പൊളിച്ചെഴുത്ത് അസോസിയേറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് യൂറോപ്യൻ ബോർഡുകൾ തുറന്നടിച്ചു.
ഐ.സി.സി ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്തിയതിൽ കടുത്ത നിരാശയുണ്ടെന്ന് ഇരു ബോർഡുകളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. പുരുഷ ലോകകപ്പ് ടൂർണമെന്റുകളുടെ ഘടന പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജൂണിലാണ് ഐ.സി.സി മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പുതിയ മാറ്റങ്ങൾ പ്രകാരം അടുത്ത വർഷത്തെ ലോകകപ്പിൽ 'സൂപ്പർ സീരീസ് ', 'സൂപ്പർ 7' റൗണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂർണമെന്റിൽ 14 ടീമുകൾ തന്നെയായിരിക്കും ഉണ്ടാകുക
എന്നാൽ ഏറ്റവും താഴെയുള്ള മൂന്ന് ടീമുകൾ ആദ്യം 'സൂപ്പർ സീരീസ് ' റൗണ്ടിൽ മത്സരിക്കണം. ഇതിൽ ഒന്നാമതെത്തുന്ന ടീം മാത്രമാണ് പ്രധാനപ്പെട്ട 12 ടീമുകളുടെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറുക. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകളും ഇരു ഗ്രൂപ്പുകളിലെയും മികച്ച മറ്റൊരു ടീമും പുതിയ 'സൂപ്പർ 7' റൗണ്ടിലേക്ക് യോഗ്യത നേടും.
പുതിയ മാറ്റങ്ങൾ അസോസിയേറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് സ്‌കോട്ട്‌ലൻഡും നെതർലൻഡ്‌സും ഒരേ സ്വരത്തിൽ മുന്നറിയിപ്പ് നൽകി. മതിയായ ചർച്ചകളോ മുന്നറിയിപ്പോ നൽകാതെ യോഗ്യതാ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് കളിക്കാർക്കും ടീമുകൾക്കും അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും പരിമിതമായ വിഭവങ്ങളുമായി പ്രവർത്തിക്കുന്ന ക്രിക്കറ്റ് ബോർഡുകളുടെ സാമ്പത്തിക ആസൂത്രണത്തെയും ഇത് ബാധിക്കുമെന്നും അവർ പറഞ്ഞു.
ലോകകപ്പിൽ പങ്കെടുക്കുന്നത് അസോസിയേറ്റ് രാജ്യങ്ങൾക്ക് കൂടുതൽ നിക്ഷേപം നേടാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും പുതിയ വാണിജ്യ പങ്കാളികളെ കണ്ടെത്താനും സഹായിക്കുന്നതാണ്. അതിനാൽ കൂടുതൽ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് വളരണമെങ്കിൽ അസോസിയേറ്റ് രാജ്യങ്ങൾക്ക് വലിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ മതിയായ അവസരങ്ങൾ നൽകണമെന്നും സ്‌കോട്ട്‌ലൻഡും നെതർലൻഡ്‌സും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
