ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ച ധീരതയ്ക്കുള്ള സൈനിക മെഡലുകളില്‍ മലയാളി സാന്നിധ്യം. മലയാളി സൈനിക ഉദ്യോഗസ്ഥനായ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര പുരസ്‌കാരം ലഭിച്ചു. ഇത്തവണ ആകെ 19 പേര്‍ക്കാണ് ശൗര്യചക്ര ലഭിച്ചിട്ടുള്ളത്. ഒന്‍പത് പേര്‍ക്ക് കീര്‍ത്തിചക്രയും ഏഴ് പേര്‍ക്ക് മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ അഭിസംബോധന ചെയ്ത സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വികസിത ഭാരത നിര്‍മാണത്തില്‍ നാം കൂടുതല്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഭീകരവാദത്തെയും അതിനെ പിന്തുണയ്ക്കുന്നവരെയും എവിടെ ഒളിച്ചാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ ഒത്തുതീര്‍പ്പുകളില്ലാതെ നിര്‍ത്തിവച്ച നടപടി ദേശീയ സുരക്ഷയുടെ ഭാഗമായുള്ള നിര്‍ണായക തീരുമാനമാണ്.
'ഓപ്പറേഷന്‍ സിന്ദൂര്‍' വഴി ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ പ്രഹരമേല്‍പ്പിക്കാനുള്ള ഇന്ത്യന്‍ സായുധ സേനയുടെ ശേഷി തെളിയിക്കപ്പെട്ടതായും, ഇന്ത്യയെ പൂര്‍ണമായും നക്‌സല്‍ വിരുദ്ധമാക്കാന്‍ സാധിച്ചത് വലിയൊരു ദേശീയ നേട്ടമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും സാമ്പത്തിക പുരോഗതിയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്നു ഗ്രാമങ്ങളിലെ ചെറിയ കടകളിലും വഴിയോര കച്ചവടങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സാര്‍വത്രികമാണ്. ലോകത്തിലെ മൊത്തം തത്സമയ ഡിജിറ്റല്‍ ഇടപാടുകളില്‍ പകുതിയിലധികവും നടക്കുന്നത് ഇന്ത്യയിലാണെന്നത് പൗരന്മാരും സര്‍ക്കാരും ഒത്തുചേര്‍ന്നു സൃഷ്ടിച്ച വലിയൊരു മാതൃകയാണ്.
കഴിഞ്ഞ ദശകത്തില്‍ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതികളിലൂടെ 25 കോടിയിലധികം ജനങ്ങളെയാണ് രാജ്യം ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയത്. കൂടാതെ സൗജന്യ റേഷന്‍ പദ്ധതിയിലൂടെ 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധിച്ചു. 2047 ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ ഇന്ത്യ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി രാഷ്ട്രപതി, സായുധ സേനകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍, പ്രവാസി ഭാരതീയര്‍ എന്നിവര്‍ രാഷ്ട്രനിര്‍മാണത്തില്‍ നല്‍കുന്ന സവിശേഷ പങ്കിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
