ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തെ ഐ.ടി സെല്ലിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെച്ചൊല്ലി കമ്മിഷനില്‍ ഭിന്നത രൂക്ഷമാകുന്നു. പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഐ.ടി വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനോട് മറ്റ് കമ്മിഷണര്‍മാരായ സുഖ്ബിര്‍ സിങ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് പ്രകടിപ്പിച്ചു. ഐ.ടി വിഭാഗം ഡയറക്ടര്‍ ജനറല്‍ സീമ ഖന്നയിലേക്ക് തീരുമാനങ്ങള്‍ ചുരുങ്ങുന്നതാണ് വിയോജിപ്പിന് പ്രധാന കാരണം.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പരിശോധിച്ചു അര്‍ഹരെന്നു കണ്ടെത്തിയ 97 പേരെ ഗോവയിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സി.ഇ.ഒ താല്പര്യപ്പെട്ടിട്ടും ഐ.ടി സെല്ലിന്റെ നിലപാടുകൊണ്ട് അന്തിമപട്ടികയില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെട്ട സംഭവം വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് എട്ടുതവണ ഇമെയില്‍ അയക്കുകയും ഐ.ടി സെല്ലിന് കത്തുനല്‍കുകയും ചെയ്തിട്ടും ഫെബ്രുവരി 21 ലെ അന്തിമ പട്ടികയില്‍ ഇവര്‍ പുറത്തുതന്നെയായിരുന്നു.
കൂടാതെ ഇറോനെറ്റ് ഉള്‍പ്പെടെ നാല്‍പ്പതോളം ആപ്പുകള്‍ ഏകോപിപ്പിച്ച് ജനുവരിയില്‍ പുറത്തിറക്കിയ ഇ.സി.ഐ.നെറ്റ് എന്ന കേന്ദ്രീകൃത സോഫ്റ്റ്‌വേറിന്റെ സാങ്കേതിക തകരാറുകള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പ്രാദേശിക ഭാഷകളില്‍ നിന്നുള്ള പേരുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോള്‍ വന്ന പിഴവുകള്‍ കാരണം തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ മാത്രം 1.76 കോടി പേര്‍ക്കാണ് ലോജിക്കല്‍ ഡിസ്‌ക്രിപന്‍സിയുടെ പേരില്‍ നോട്ടീസ് ലഭിച്ചത്. 1960 ലെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് വോട്ടര്‍ പട്ടികയിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട ഇ.ആര്‍.ഒമാരെ നോക്കുകുത്തിയാക്കി ഐ.ടി സെല്‍ ഭരണം നടത്തുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ ബാധിക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
