ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ യുവതിയുടെ ചിത്രം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്ക് നിര്‍ണായക നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി. യുവതിയുമായി ബന്ധപ്പെട്ട അധിക്ഷേപകരമായ എല്ലാ ചിത്രങ്ങളും ലിങ്കുകളും 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിഷയത്തില്‍ സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദീപ്‌കെ, അശുതോഷ് റാങ്ക, രത്‌ന സിംഗ് എന്നിവര്‍ക്ക് ജസ്റ്റിസ് ഗിരീഷ് കഥ്പാലിയ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.
സംഭവത്തില്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ച കോടതി, പരാതിക്കാരിയായ യുവതിക്ക് അടിയന്തര പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരവിട്ടു. വിഷയത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കകം വിശദമായ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയില്‍ അമര്‍ഷം രേഖപ്പെടുത്തിയ ഹൈക്കോടതി, ഇത് കേവലം ഒരു യുവതിയുടെ മാത്രം വിഷയമല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയെപ്പോലും ബാധിക്കുന്ന ഗൗരവതരമായ സംഭവമാണെന്നും വ്യക്തമാക്കി.
പോലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തനിക്ക് നന്നായറിയാമെന്ന് ജസ്റ്റിസ് ഗിരീഷ് കഥ്പാലിയ മുന്നറിയിപ്പ് നല്‍കി.
സി.ജെ.പി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ തന്റെ ഫോട്ടോ അനുവാദമില്ലാതെ എ.ഐ, ഫേസ്-സ്വാപ്പിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം വ്യാജമായി കൂട്ടിച്ചേര്‍ത്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഈ രീതിയില്‍ നിര്‍മ്മിച്ച വ്യാജ ചിത്രങ്ങള്‍ വലിയ ബാനറുകളിലും പോസ്റ്ററുകളിലും ഉപയോഗിക്കുകയും അശ്ലീല മുദ്രാവാക്യങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി അവര്‍ ആരോപിക്കുന്നു.
സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്‌കെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യക്തമായ പരാതി നല്‍കിയിട്ടും പോലീസിന്റെ എഫ്.ഐ.ആറില്‍ അജ്ഞാതരായ വ്യക്തികള്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉന്നത നേതാക്കളുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്ത പോലീസിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് യുവതി കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
