ഫിഫ ലോകകപ്പിന്റെ വേദിയിൽ ഒരു മലയാളി താരം പന്ത് തട്ടുന്ന ചരിത്ര നിമിഷത്തിനായി കായികപ്രേമികൾക്ക് ഇനിയും കാത്തിരിക്കണം.
സ്വിറ്റ്‌സർലൻഡിനെതിരായ ഖത്തറിന്റെ ലോകകപ്പ് പോരാട്ടത്തിൽ മലയാളി യുവതാരം തഹ്‌സിൻ മുഹമ്മദ് ജംഷീദ് പകരക്കാരുടെ നിരയിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.
സൂപ്പർ താരം ബ്രീൽ എംബോളോയുടെ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ, മത്സരത്തിന്റെ അധികസമയത്ത് നേടിയ ഗോളിൽ 1-1 ന് തളച്ച് ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി.
കണ്ണൂർ വളപട്ടണം സ്വദേശികളായ ജംഷിദിന്റെയും ഷൈമയുടേയും മകനാണ് തഹ്‌സിൻ. ഖത്തർ ജേഴ്‌സിയിൽ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി കൂടിയാണ് ഈ കണ്ണൂർകാരൻ.
സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ പരിശീലകൻ ജുലെൻ ലോപ്രേഗി പ്രഖ്യാപിച്ച പകരക്കാരുടെ പട്ടികയിൽ തഹ്‌സിന്റെ പേര് കണ്ടതോടെ ആകാംഷയേറിയെങ്കിലും അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവർക്കാണ് കോച്ച് പകരക്കാരായി ഇറങ്ങാൻ അവസരം നൽകിയത്.
ഖത്തറിന്റെ അണ്ടർ 16, 17, 19 ടീമുകളിലൂടെ വളർന്ന തഹ്‌സിൻ, 2024 ജൂണിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ദേശീയ സീനിയർ ടീമിൽ അരങ്ങേറിയത്.
നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനായി കളിക്കുന്ന താരം, ഖത്തറിലെ ടോപ് ലീഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
